image

5 April 2025 5:50 AM

Economy

തലതിരിഞ്ഞ താരിഫ്; യുഎസിന് നഷ്ടം 6.6 ട്രില്യണ്‍ ഡോളര്‍

MyFin Desk

inverted tariffs cost the us $6.6 trillion
X

Summary

  • ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞതാണ് ഭീമമായ നഷ്ടത്തിന് കാരണം
  • എസ് ആന്റ് പി 500 ന് മാത്രം ഏകദേശം 5 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടപ്പെട്ടു
  • ഡൗ ജോണ്‍സ് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് വിപണിയില്‍നിന്ന് അപ്രത്യക്ഷമായത് 6.6 ട്രില്യണ്‍ ഡോളര്‍. രണ്ട് ദിവസത്തിനുള്ളില്‍, യുഎസ് ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞതാണ് ഭീമമായ നഷ്ടത്തിന് കാരണമായതെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാലയളവില്‍ എസ് ആന്റ് പി 500 ന് മാത്രം ഏകദേശം 5 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടപ്പെട്ടതായാണ് കണക്ക്.

കൂടാതെ പുതിയ താരിഫ് നയം അമേരിക്കയ്ക്കും അതിന്റെ ആഗോള പങ്കാളികള്‍ക്കും ഇടയിലുണ്ടായിരുന്ന ഐക്യം ഇല്ലാതാക്കിയിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക തടസങ്ങള്‍ക്കും താരിഫ് കാരണമായി.

ഏപ്രില്‍ 4 ന്, ഡൗ ജോണ്‍സ് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. രണ്ട് ദിവസത്തെ ഇടിവ് 4,000 പോയിന്റിലധികം ആയിരുന്നു. സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാസ്ഡാക്ക് 5.8 ശതമാനം ഇടിഞ്ഞു. ചുക്കിപ്പറഞ്ഞാല്‍ യുഎസ് വിപണികള്‍ കൂപ്പുകുത്തി.

ലോകമെമ്പാടും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു, ജര്‍മ്മനിയുടെ ഡിഎഎക്‌സും ഫ്രാന്‍സിന്റെ സിഎസി 40 ഉം കുത്തനെയുള്ള നഷ്ടം നേരിട്ടു. എണ്ണവില 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ജപ്പാനിലെ നിക്കി 2.8 ശതമാനവും ഇടിഞ്ഞു. ഇന്ത്യയില്‍, ഓഹരി വിപണിക്ക് കനത്ത നഷ്ടം സംഭവിച്ചു, ഏകദേശം 9 ട്രില്യണ്‍ രൂപയുടെ മൂല്യം ഇല്ലാതായി.

അതേസമയം യുഎസുമായി കൊമ്പുകോര്‍ക്കാന്‍ ചൈന രംഗത്തിറങ്ങി. ഇതോടെ വ്യാപാര യുദ്ധ സാധ്യത വര്‍ധിച്ചു. ട്രംപിന്റെ കടുത്ത താരിഫ് നയങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ചൈന, വാഷിംഗ്ടണിന് സമാനമായി, ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 34 ശതമാനം തീരുവ പ്രഖ്യാപിച്ചു.

എന്നിരുന്നാലും, യുഎസിന്റെ മറ്റ് പ്രധാന വ്യാപാര പങ്കാളികള്‍ അവരുടെ പ്രതികരണങ്ങള്‍ സംയമനത്തോടെയാണ് പ്രകടിപ്പിച്ചത്. 24 ശതമാനം താരിഫ് ബാധിച്ച ജപ്പാന്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയ വാഷിംഗ്ടണുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തു.

അതേസമയം, ഇന്ത്യ ട്രംപ് ഭരണകൂടവുമായി നിലവില്‍ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വ്യാപാര ചര്‍ച്ചകള്‍ക്ക് എന്തെങ്കിലും ആശ്വാസം ലഭിക്കുമോ എന്ന് അറിയാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കാത്തിരിക്കുന്നു. വിപണിയിലെ അനിശ്ചിതത്വത്തിനിടയില്‍ യുഎസ് മാന്ദ്യ ഭീതിയും വര്‍ധിക്കുകയാണ്.