image

6 Jan 2025 11:13 AM GMT

Economy

ഉയര്‍ന്ന പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ തേടി ട്രേഡ് യൂണിയനുകള്‍

MyFin Desk

ഉയര്‍ന്ന പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ തേടി ട്രേഡ് യൂണിയനുകള്‍
X

Summary

  • കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണം
  • ആദായനികുതി ഇളവ് പ്രതിവര്‍ഷം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നാവശ്യം
  • ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ട്രേഡ് യൂണിയനുകള്‍


മിനിമം പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 5 മടങ്ങ് വര്‍ധിപ്പിച്ച് പ്രതിമാസം 5000 രൂപയാക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. എട്ടാം ശമ്പളക്കമ്മീഷന്‍ ഉടനടി രൂപീകരിക്കാനും വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്താനും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള അവരുടെ പ്രീ-ബജറ്റ് മീറ്റിംഗില്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആദായനികുതി ഇളവ് പ്രതിവര്‍ഷം 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2025-26 ലെ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

'പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്‍ക്കരണവും സര്‍ക്കാര്‍ അവസാനിപ്പിക്കണം. അനൗപചാരിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി അതിസമ്പന്നര്‍ക്ക് 2 ശതമാനം അധിക നികുതി ചുമത്തണം',യോഗത്തിന് ശേഷം ടിയുസിസി ദേശീയ ജനറല്‍ സെക്രട്ടറി എസ് പി തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ഷകത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കണമെന്നും അവരുടെ മിനിമം വേതനം നിശ്ചയിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

ഇപിഎസ്-95 പ്രകാരമുള്ള കുറഞ്ഞ പെന്‍ഷന്‍ ആദ്യപടിയായി പ്രതിമാസം 1,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തണമെന്നും തുടര്‍ന്ന് വിഡിഎയുമായി (വേരിയബിള്‍ ഡിയര്‍നസ് അലവന്‍സ്) ബന്ധിപ്പിക്കണമെന്നും ഭാരതീയ മസ്ദൂര്‍ സംഘ് ഓര്‍ഗനൈസിംഗ് സെക്രട്ടറി (നോര്‍ത്തേണ്‍ സോണ്‍) പവന്‍ കുമാര്‍ പറഞ്ഞു.

ആദായ നികുതി ഇളവിനുള്ള പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂടാതെ, പെന്‍ഷനില്‍ നിന്നുള്ള വരുമാനം നികുതിയില്‍ നിന്ന് ഒഴിവാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിക്കാന്‍ എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കണമെന്നും കുമാര്‍ ആവശ്യപ്പെട്ടു.

ഏഴാം ശമ്പള കമ്മീഷന്‍ രൂപീകരിച്ച് 10 വര്‍ഷത്തിലേറെയായതിനാല്‍ എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കണമെന്ന് സിഐടിയു ദേശീയ സെക്രട്ടറി സ്വദേശ് ദേവ് റോയിയും ആവശ്യപ്പെട്ടു.