5 Jan 2024 6:15 AM GMT
Summary
- കയറ്റുമതി 96 മില്യണ്‍ ഡോളറില്‍നിന്ന് 326 മില്യണ്‍ ഡോളറായി
- രാജ്യത്തെ ആഗോള കളിപ്പാട്ടകേന്ദ്രമാക്കാന്‍ സര്‍ക്കാരിന്റെ പദ്ധതി
- ഇറക്കുമതിയില്‍ ഇടിവ് 52 ശതമാനം
മികച്ച വളര്‍ച്ച കൈവരിച്ച് ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം. 2014-15 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ ഇറക്കുമതിയില്‍ 52 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതിയില്‍ 239 ശതമാനം വര്‍ധനയും ഉണ്ടായി. ആഭ്യന്തര വിപണിയില്‍ ലഭ്യമായ കളിപ്പാട്ടങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരവും വര്‍ധിച്ചു.
2014-14ല്‍ കളിപ്പാട്ട കയറ്റുമതിയില്‍നിന്ന് 96 മില്യണ്‍ ഡോളറായിരുന്നു വരുമാനം. 2022-23ല്‍ അത് 326 മില്യണ്‍ ഡോളറായാണ് കുതിച്ചുയര്‍ന്നത്. എട്ടുവര്‍ഷത്തിനിടയിലാണ് ഈ വളര്‍ച്ച.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ലഖ്നൗ നടത്തിയ ''ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ വിജയഗാഥ'' എന്ന വിഷയത്തില്‍ നടത്തിയ ഒരു കേസ് സ്റ്റഡിയിലാണ് ഈ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന് കൂടുതല്‍ അനുകൂലമായ നിര്‍മ്മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സഹായിച്ചു.
2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ ഇന്ത്യയെ ആഗോള കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രമായി സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്.
2014 മുതല്‍ 2020 വരെയുള്ള 6 വര്‍ഷത്തിനുള്ളില്‍, ഈ സമര്‍പ്പിത ശ്രമങ്ങള്‍ ഉല്‍പ്പാദന യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നത് 33% ല്‍ നിന്ന് 12% ആക്കി കുറയ്ക്കുന്നതിനും മൊത്ത വില്‍പ്പന മൂല്യം വര്‍ധിപ്പിക്കുന്നതിനും കാരണമായി.
യുഎഇയും ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കുള്ള സീറോ ഡ്യൂട്ടി മാര്‍ക്കറ്റ് ആക്സസിനൊപ്പം ആഗോള കളിപ്പാട്ട മൂല്യ ശൃംഖലയിലേക്ക് രാജ്യം സംയോജിപ്പിച്ചതിനാല്‍ ഇന്ത്യ ഒരു മികച്ച കയറ്റുമതി രാജ്യമായി ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തെ നിലവിലുള്ള കളിപ്പാട്ട കേന്ദ്രങ്ങള്‍ക്ക്, അതായത് ചൈനയ്ക്കും വിയറ്റ്നാമിനും ഒരു ബദലായി ഇന്ത്യയെ ഉയര്‍ത്തുന്നതിന് കളിപ്പാട്ട വ്യവസായത്തിന്റെയും സര്‍ക്കാരിന്റെയും സ്ഥിരമായ സഹകരണ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പ്രസ്താവിച്ചു.
കളിപ്പാട്ടങ്ങളുടെ രൂപകല്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനും അവ ഒരു പഠന വിഭവമായി ഉപയോഗിക്കുന്നതിനും ഇവയുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും തദ്ദേശീയ കളിപ്പാട്ട ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ആക്ഷന്‍ പ്ലാന്‍ പോലുള്ള സമഗ്രമായ ഒരു സംരംഭം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കളിപ്പാട്ട വ്യവസായത്തിലെ വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇടപെടലുകളും സംരംഭങ്ങളും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.