26 Jun 2023 1:21 PM IST
Summary
- ഈ വര്‍ഷം തക്കാളി കൃഷിയിറക്കിയത് കുറവായിരുന്നു
- സാധാരണയായി 4-5 അംഗങ്ങളുള്ള ഒരു വീട്ടില്‍ പ്രതിമാസം 8 മുതല്‍ 10 കിലോഗ്രാം വരെ തക്കാളി ഉപയോഗിക്കുന്നു
- പച്ചക്കറികളില്‍ ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള പച്ചക്കറികള്‍ക്ക് പതിവിലും വില കൂടുതലാണ് ഇപ്പോള്‍
ആഗോളതലത്തില്‍ സാമ്പത്തികരംഗത്തുള്ള മാന്ദ്യവും, പണപ്പെരുപ്പവും ജനജീവിതത്തെ ബാധിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതം പൊറുതിമുട്ടുകയാണ്. ഇപ്പോള്‍ ഇതാ ഉറക്കം കെടുത്തുന്ന മറ്റൊരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. അത് മറ്റൊന്നുമല്ല, പച്ചക്കറികളുടെയും പയറു വര്‍ഗങ്ങളുടെയും വില വര്‍ധിക്കാന്‍ പോകുന്നു എന്നതാണ്.
മണ്‍സൂണ്‍ എത്താനുള്ള കാലതാമസം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ദുര്‍ബലമായത് എന്നിവയൊക്കെയാണ് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത്.
പച്ചക്കറികളില്‍ വച്ച് ഏറ്റവും കൂടുതല്‍ വില വര്‍ധിക്കാന്‍ പോകുന്നത് തക്കാളിക്കായിരിക്കും. ഇപ്പോള്‍ തന്നെ തക്കാളിയുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെയാണ് മണ്‍സൂണ്‍ മഴ ദുര്‍ബലമായത്.
മഴ മാത്രമല്ല വില്ലനായത്, ഈ വര്‍ഷം തക്കാളി കൃഷിയിറക്കിയത് കുറവായിരുന്നു. കോലാറില്‍ കര്‍ഷകര്‍ ഇപ്രാവിശ്യം ബീന്‍സ് കൃഷിയാണ് ചെയ്തത്. മുന്‍ വര്‍ഷം ബീന്‍സ് വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതായിരുന്നു കാരണം.
ഒരു കിലോ തക്കാളി വില്‍പ്പന നടത്തുമ്പോള്‍ കര്‍ഷകന് ലഭിച്ചത് 3-5 രൂപയാണ്. ഇതേ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ തക്കാളി കൃഷി മതിയാക്കി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു.
മഹാരാഷ്ട്രയില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ വന്‍കിട കച്ചവടക്കാര്‍ പശ്ചിമ ബംഗാളിലേക്കും, ഒഡിഷയിലേക്കും ചരക്കിനായി തിരിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞയാഴ്ചയില്‍ രാജ്യത്തെ വിവിധ വിപണികളില്‍ തക്കാളി കിലോയ്ക്ക് 75-80 രൂപ നിരക്കിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ഉടന്‍ തന്നെ ഇത് 120 രൂപ എന്ന നിലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയേക്കാളും കൂടുതലാണ്.
കഴിഞ്ഞ ദിവസം കോലാറിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 15 കിലോഗ്രാം തൂക്കമുള്ള തക്കാളി അടങ്ങിയ ബോക്‌സ് വില്‍പന നടത്തിയത് 1100 രൂപയ്ക്കായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡല്‍ഹിയിലെ ആസാദ്പുര്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ തക്കാളി വില ഇരട്ടിയായി.
സാധാരണയായി 4-5 അംഗങ്ങളുള്ള ഒരു വീട്ടില്‍ പ്രതിമാസം 8 മുതല്‍ 10 കിലോഗ്രാം വരെ തക്കാളി ഉപയോഗിക്കുന്നു. ഇത് വില കുറഞ്ഞുനില്‍ക്കുമ്പോഴുള്ള കണക്കാണ്. എന്നാല്‍ തക്കാളിക്ക് വില വര്‍ധിച്ചാല്‍ ഒരു കുടുംബത്തിന് അതുവഴി പ്രതിമാസം 1000 രൂപയിലധികം ചെലവഴിക്കേണ്ടി വരും. മിക്കവാറും തക്കാളിയുടെ വില വര്‍ധിച്ചാല്‍ അതിന്റെ ഉപഭോഗം കുറയാനാണ് സാധ്യത.
പച്ചക്കറികളില്‍ ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള പച്ചക്കറികള്‍ക്ക് പതിവിലും വില കൂടുതലാണ് ഇപ്പോള്‍. ഒരു കിലോ ബീന്‍സിന് 120-140 രൂപയാണ്.
ഒരു കിലോ കാരറ്റിന് 100 രൂപയാണ്. കാപ്‌സിക്കം കിലോ 80 രൂപയും കടന്നിരിക്കുന്നു. കോഴിമുട്ടയുടെ വിലയാകട്ടെ 7 രൂപ മുതല്‍ 8 രൂപ വരെ എത്തിനില്‍ക്കുന്നു. പച്ചക്കറികളുടെയും പയറു വര്‍ഗങ്ങളുടെയും വില വര്‍ധന ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ധനയ്ക്കും കാരണമാകുമെന്നും ചില കോണുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.