4 Aug 2023 5:00 PM IST
ടെക്കികള്‍ സിവില്‍ സര്‍വീസില്‍ പിടിമുറുക്കുന്നു; സെലക്ഷന്‍ പ്രക്രിയ പുതുക്കണമെന്ന് പാര്‍ലമെന്‍ററി സമിതി
MyFin Desk
Summary
- മുഴുവന്‍ പരീക്ഷാ നടത്തിപ്പും ആറു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ശ്രമിക്കണം
- സിവില്‍ സര്‍വീസ് മോഹം പ്രഗത്ഭരായ എന്‍ജിനീയര്‍മാരെ നഷ്ടപ്പെടുത്തുന്നു
- സിവില്‍ സര്‍വീസുകാരുടെ പരിശീലനം മെച്ചപ്പെടുത്തണം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ രാജ്യത്തിന്‍റെ സിവിൽ സർവീസുകാരായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ 70 ശതമാനത്തില്‍ അധികവും ടെക്നോളജി, മെഡിക്കല്‍ മേഖലകളില്‍ നിന്നുള്ളവര്‍. ഇതില്‍ത്തന്നെ എന്‍ജിനീയര്‍മാരുടെ പങ്ക് വളരേ അധികമാണ്. സിവില്‍ സര്‍വീസുകാര്‍ക്കിടയില്‍ വ്യത്യസ്ത വൈദഗ്ധ്യങ്ങളുള്ളവര്‍ ആവശ്യമാണെന്നും തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ഇതിനനുസരിച്ച് പരിഷ്കരിക്കണമെന്നും ഇതു സംബന്ധിച്ച് പഠിച്ച പാര്‍ലമെന്‍ററി സമിതി ശുപാര്‍ശ നല്‍കി.
സിവില്‍ സര്‍വീസ് മോഹം മൂലം പല പ്രഗത്ഭരായ എന്‍ജിനീയര്‍മാരുടെയും ഡോക്റ്റര്‍മാരുടെയും സേവനം നഷ്ടമാകുന്നുവെന്നും സമിതി വിലയിരുത്തി. ഉദ്യോഗസ്ഥർ, പൊതുപരാതികൾ, നിയമം, നീതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്ന പാര്‍ലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി, 'ഇന്ത്യാ സര്‍ക്കാരിന്‍റെ നിയമന സംവിധാനങ്ങളുടെ പ്രവർത്തന അവലോകനം' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
സാങ്കേതിക വിദഗ്ധർ ഗണ്യമായ അളവില്‍ അവര്‍ക്ക് വൈദഗ്ധ്യമുള്ള പ്രത്യേക മേഖലകളില്‍ നിന്ന് അകന്നുപോകുന്ന പ്രവണത വ്യാപകമാണ്. ഇത് മറ്റ് നിർണായക മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും സമിതി വിലയിരുത്തുന്നു.
സിവില്‍ സേവകരുടെ പശ്ചാത്തലം
2011 മുതൽ 2020 വരെ നടത്തിയ സിവിൽ സർവീസസ് പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ പശ്ചാത്തലവുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിച്ചാല്‍ ഈ പ്രവണതയുടെ പടിപടിയായ വളര്‍ച്ച കാണാം. എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികള്‍ 2011-ലെ 46 ശതമാനത്തിൽ നിന്ന് 2020-ൽ 65 ശതമാനമായി ഉയർന്നു. എന്നില്‍, സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികളുടെ അനുപാതം 2011-ലെ 14 ശതമാനത്തിൽ നിന്ന് ഇപ്പോള്‍ 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികളുടെ ശതമാനം പൊതുവില്‍ 23 ശതമാനത്തിനും 28 ശതമാനത്തിനും ഇടയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാക്കി. എന്നാല്‍ 2012-ല്‍ തെരഞ്ഞെടുക്കപ്പെട്ട 40 ശതമാനം വിജയികളും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. 2020-ൽ, മാനവിക പശ്ചാത്തലമുള്ള ഉദ്യോഗാർത്ഥികളിൽ 23 ശതമാനം പേർ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 2011-ൽ ഇത് 27 ശതമാനമായിരുന്നു.
മാറേണ്ട സെലക്ഷന്‍ പ്രക്രിയ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന റിക്രൂട്ട്‌മെന്റ് ടെസ്റ്റിന്റെ ദൈർഘ്യം കുറയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. നീണ്ടുനില്‍ക്കുന്ന സെലക്ഷന്‍ പ്രക്രിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നതിനൊപ്പം ഒട്ടേറെ മനുഷ്യ വിഭവ ശേഷിയും നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. മുഴുവന്‍ പരീക്ഷാ പ്രക്രിയയും ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകൾ നടപ്പിലാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
അടിസ്ഥാന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളോട് മാനുഷികവും അനുഭാവപൂർണമായ സമീപനം സിവില്‍ സര്‍വീസുകാരില്‍ നിന്ന് ഉണ്ടാകണം. ഇത്തരത്തിലുള്ള കാഴ്ചപ്പാടും വിവേകവും വളർത്തുന്ന പരിശീലനം സിവിൽ സർവീസുകാർക്ക് നൽകണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, വെല്ലുവിളി നിറഞ്ഞ ക്രമസമാധാന സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സിവിൽ സർവീസുകാർക്ക് നല്‍കുന്ന പരിശീലനം മെച്ചപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.