3 Nov 2023 7:19 AM GMT
Summary
- 2023ലെ ആദ്യ ഏഴുമാസങ്ങളില്‍ 2.23 ശതമാനം കയറ്റുമതി കുറഞ്ഞു
- ഇപ്പോഴും തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യയില്‍നിന്നുള്ള തേയില കയറ്റുമതി 2023ലെ ആദ്യഏഴുമാസങ്ങളില്‍ (ജനുവരി - ജൂലൈ) 2.23 ശതമാനം ഇടിഞ്ഞതായി ടീ ബോര്‍ഡിന്റെ കണക്കുകള്‍. ഈ കാലയളവില്‍ കയറ്റുമതി 2022 ഇതേ കാലയളവിലെ 117.21 ദശലക്ഷം കിലേഗ്രാമില്‍ നിന്നു 114.60 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.
ജൂലൈമാസത്തിനുശേഷം ആശാവഹമായ മുന്നേറ്റം തേയിലവിപണിയിലോ തോട്ടങ്ങളിലോ ഉണ്ടാകുന്നില്ല. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ് പലരെയും കൃഷി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ 69.56 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 70.56 ദശലക്ഷം കിലോഗ്രാം ആയിരുന്നു.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഈ കാലയളവില്‍ 45.04 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. 2022 ലെ സമാന കാലയളവില്‍ ഇത് 46.65 ദശലക്ഷം കിലോഗ്രാമായിരുന്നു.
കയറ്റുമതിയില്‍ നിന്നുള്ള യൂണിറ്റ് വില 2023-ലെ ആദ്യ ഏഴ് മാസങ്ങളില്‍ കിലോഗ്രാമിന് 265 രൂപയായി കുറയുകയും ചെയ്തു. 2022-ലെ സമാന കാലയളവില്‍ കിലോഗ്രാമിന് 270.85 രൂപയായിരുന്നു. 2022-ലെ മുഴുവന്‍ കലണ്ടര്‍ വര്‍ഷത്തിലും രാജ്യത്ത് നിന്നുള്ള തേയില കയറ്റുമതിയുടെ കണക്ക് പരിശോധിച്ചാല്‍ അത് 231.08 ദശലക്ഷം കിലോഗ്രാമായിരുന്നു എന്ന് കാണാം.
കാലാവസ്ഥാ വ്യതിയാനം, ആഗോള വിപണിയിലെ മാന്ദ്യം, നേപ്പാളില്‍ നിന്നുള്ള തേയില ഇനങ്ങളില്‍ നിന്നുള്ള മത്സരം, ഉല്‍പ്പാദനച്ചെലവും അതിന്റെ വിലയും തമ്മിലുള്ള പൊരുത്തക്കേട് എന്നിവ ഇന്ത്യന്‍ തേയിലത്തോട്ടങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഇത് ഡാര്‍ജിലിംഗിലെ തേയില വ്യവസായത്തെ അപകടത്തിലാക്കിയതായി ഇന്ത്യാസ്‌പെന്‍ഡ് ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ 72ശതമാനത്തിലധികം ആള്‍ക്കാരുടെ പ്രിയപ്പെട്ട പാനീയം ചായയാണ്. അതിനാല്‍ ഉല്‍പ്പാദനക്കുറവ് തോട്ടങ്ങളെയും കര്‍ഷകരെയും ബാധിക്കുന്നതുപോലെ സാധാരക്കാരെയും ബാധിക്കാം.