image

21 Jun 2023 10:13 AM GMT

Economy

ചെറുകിടമേഖലയിലെ തേയിലവില നിശ്‍ചയിക്കാന്‍ പഠനം

MyFin Desk

study to determine price of tea in small scale sector
X

Summary

  • ആറുമാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാകും
  • തോട്ടത്തില്‍ നിന്നുള്ള പച്ചിലകള്‍ക്ക് വില നിര്‍ണയിക്കുന്ന രീതി ശ്രീലങ്കയില്‍ നിലവിലുണ്ട്
  • രാജ്യത്ത് 55ശതമാനം തേയിലയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ചെറുകിടമേഖലയില്‍


രാജ്യത്ത് തേയിലത്തോട്ടം ഉള്ള ജില്ലകളില്‍ ഒരു വില പങ്കിടല്‍ ഫോര്‍മുല നിര്‍ണ്ണയിക്കാന്‍ ടീ ബോര്‍ഡ് പഠനം ആരംഭിച്ചു. ഇതിനായി കണ്‍സള്‍ട്ടന്റിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഏജന്‍സിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍-പന്തലൂര്‍ മേഖലയും കേരളത്തിലെ വയനാട് ജില്ലയും ഒഴികെ രാജ്യത്തെ തേയില കൃഷി ചെയ്യുന്ന എല്ലാ ജില്ലകളിലും പഠനം നടത്തും. ടീ ബോര്‍ഡ് കണ്‍സള്‍ട്ടന്റിന് പഠനം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയപരിധിയാണ് നല്‍കിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണ്‍സള്‍ട്ടന്റായ ബിഡിഒ ഇന്ത്യ എല്‍എല്‍പി ചെറുകിട തേയില കര്‍ഷകരില്‍ നിന്നും, പച്ചില വാങ്ങുന്ന ഫാക്ടറികളില്‍ നിന്നും( ബിഎല്‍എഫ്) പഠനവുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കുന്നതിന് ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തും.

എസ്ടിജികളുടെ (ചെറുകിട കര്‍ഷകരുടെ) കേന്ദ്രീകരണം കൂടുതലുള്ള അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിന്റെ സംഘം നേരിട്ട് സന്ദര്‍ശിക്കും. ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബിഹാര്‍, ഒഡീഷ, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം തുടങ്ങിയ തേയില കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പഠനം വിര്‍ച്വലായി നടത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

നിര്‍ദിഷ്ട വില പങ്കിടല്‍ ഫോര്‍മുല ചെറുകിട തേയില കര്‍ഷകരില്‍ നിന്ന് പച്ച ഇലകള്‍ വാങ്ങുന്നതിന് ബിഎല്‍എഫുകള്‍ നല്‍കുന്ന വില നിര്‍ണ്ണയിക്കുമെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അരിജിത് റാഹ പറഞ്ഞു. പച്ച ഇലകള്‍ക്ക് ന്യായവും ആദായകരവുമായ വില ലഭിക്കുന്നതിന് എസ്ടിജികളെ ഇത് സഹായിക്കും,' അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് മുന്‍പ് തന്നെ ടീ അസോസിയേഷന്‍ ആവശ്യമുന്നയിച്ചിരുന്നു.എസ്ടിജികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ച ഇലകള്‍ക്ക് വില നിര്‍ണയിക്കുന്ന ഈ രീതി ശ്രീലങ്കയില്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രീലങ്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം തേയിലയുടെ 77 ശതമാനവും ചെറുകിട മേഖലയില്‍ നിന്നാണ് വരുന്നത്. അവിടെ ഈ സിസ്റ്റം നടപ്പായില്ലെങ്കില്‍ ഭൂരിപക്ഷം കൃഷിക്കാരും പ്രതിസന്ധിയിലാകും. ഇന്ത്യയില്‍ ചെറുകിടക്കാരുടെ സംഭാവന 55ശതമാനമാണ്.

പഠനം നടത്താനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്നും തങ്ങള്‍ ഇത് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്‌മോള്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്‍സ് (സിസ്റ്റ) പ്രസിഡന്റ് ബിജോയ് ഗോപാല്‍ ചക്രവര്‍ത്തി പറഞ്ഞു.