7 Jan 2025 10:14 AM GMT
Summary
- വ്യക്തിഗത നികുതിദായകര്‍ക്ക് ഗണ്യമായ ഇളവ് നല്‍കണമെന്ന് ആവശ്യം
- ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചന
- ആദായനികുതി പരിധി 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയി ഉയര്‍ത്തണം
കേന്ദ്ര ബജറ്റിന് ഇനി ഒരു മാസത്തില്‍ താഴെ മാത്രം. വ്യക്തിഗത നികുതിദായകര്‍ക്ക് ഗണ്യമായ ഇളവ് നല്‍കണമെന്ന് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ ചര്‍ച്ചകളില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും സാമ്പത്തിക പിരിമുറുക്കം ലഘൂകരിക്കാന്‍ കഴിയുന്ന നടപടികളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
നികുതിദായകര്‍ തങ്ങളുടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്രമീകരണങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
രണ്ടാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ചയുടെ വെളിച്ചത്തില്‍, ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയേറെയാണ്.
ശമ്പളക്കാരും ഇടത്തരക്കാരുമായ വ്യക്തികളുടെ നികുതി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ വ്യവസായ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇത് ഗാര്‍ഹിക സമ്പാദ്യവും ഉപഭോഗവും വര്‍ധിപ്പിക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രതിവര്‍ഷം 20 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അത്തരമൊരു നീക്കം ഉപഭോഗ ചക്രത്തെ ഉത്തേജിപ്പിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സിഐഐ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ബജറ്റ് പഴയ നികുതി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ആദായ നികുതി വ്യവസ്ഥയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ആദായനികുതി പരിധി 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയി ഉയര്‍ത്തുക, ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുക എന്നിവയും പരിഗണനയിലുള്ള നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
7 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ള ആദായ ബ്രാക്കറ്റുകള്‍ക്കുള്ള ഇളവുള്ള നികുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് ഇടത്തരം ആദായ നികുതിദായകര്‍ക്ക് കാര്യമായ ആശ്വാസം നല്‍കുകയും പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വിദ്യാഭ്യാസ ചെലവുകള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുമുള്ള കിഴിവുകള്‍ പോലെയുള്ള അധിക കുടുംബ-അധിഷ്ഠിത നികുതി ആനുകൂല്യങ്ങളും പരിഗണിക്കപ്പെടുന്ന വിഷയങ്ങളാണ്.
പുതിയ നികുതി വ്യവസ്ഥയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും, പഴയ നികുതി വ്യവസ്ഥയെ അവസാനിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, സ്ഥാപിതമായ കിഴിവുകള്‍ക്കും ഇളവുകള്‍ക്കും പഴയ നികുതി വ്യവസ്ഥ ഇപ്പോഴും ജനപ്രിയമായി തുടരുന്നു.
സെക്ഷന്‍ 80 സി കിഴിവ് പരിധി 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്താനും സെക്ഷന്‍ 24 (ബി) പ്രകാരം ഹൗസിംഗ് ലോണ്‍ പലിശ കിഴിവ് 2 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയാക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും ഉത്തേജിപ്പിക്കുന്നതിനായി പ്രതിവര്‍ഷം 20 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ വ്യക്തിഗത ആദായനികുതി നിരക്കുകള്‍ കുറയ്ക്കണമെന്ന് സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി ആവശ്യപ്പെട്ടു.
അതുപോലെ, സുപ്രീം കോടതി അഭിഭാഷകന്‍ തുഷാര്‍ കുമാര്‍ നികുതി സ്ലാബുകള്‍ യുക്തിസഹമാക്കാനും ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ കിഴിവുകള്‍ അവതരിപ്പിക്കാനും നിര്‍ദ്ദേശിച്ചു.
ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ ടി വി മോഹന്‍ദാസ് പൈ, പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും പരിഹരിക്കാന്‍ നികുതി പരിഷ്‌കാരങ്ങളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടി.