27 Dec 2023 6:35 AM GMT
Summary
- അഡ്വൈസറികള്‍ ലഭിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ നികുതിദായകര്‍
- എല്ലാ നികുതിദായകര്‍ക്കും അഡ്വൈസറികള്‍ അയച്ചിട്ടില്ല
- പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ അവസരമെന്ന് നികുതിദായകര്‍
ഐടിആറിലെ വെളിപ്പെടുത്തലുകളും റിപ്പോർട്ടിംഗ് എന്‍റിറ്റിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ വ്യക്തമായ പൊരുത്തക്കേടുകള്‍ ഉള്ള നികുതിദായകരെ ഇക്കാര്യം അറിയിച്ചുകൊണ്ട് ആശയവിനിമയം അയച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ടിഡിഎസ്/ടിസിഎസ് കിഴിവുകളും ഐടിആർ ഫയലിംഗ് ഡാറ്റയും തമ്മിലുള്ള പൊരുത്തക്കേട് സംബന്ധിച്ച് ഐ-ടി ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് അഡ്വൈസറികള്‍ ലഭിച്ചതായി നിരവധി നികുതിദായകര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് വിശദീകരണം നല്‍കിട്ടുള്ളത്
"ഇത് എല്ലാ നികുതിദായകർക്കും അയച്ച അറിയിപ്പല്ല, ഐടിആറിലെ വെളിപ്പെടുത്തലുകളും റിപ്പോർട്ടിംഗ് എന്റിറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങളും തമ്മിൽ വ്യക്തമായ പൊരുത്തക്കേടുണ്ടെങ്കിൽ മാത്രം അയയ്‌ക്കുന്ന ഒരു ഉപദേശമാണ്," എക്‌സിലെ പോസ്റ്റിൽ ഐ-ടി വകുപ്പ് വ്യക്തമാക്കി.
നികുതിദായകർക്ക് പൊരുത്തക്കേടുകള്‍ ഒഴിവാക്കുന്നതിനും ഐ-ടി വകുപ്പിന്റെ കംപ്ലയൻസ് പോർട്ടലിൽ അവരുടെ ഫീഡ്‌ബാക്ക് ഓൺലൈനായി നൽകുന്നതിനും ഇതിലൂടെ അവസരം നല്‍കുകയാണ്. ആവശ്യമെങ്കിൽ, ഇതിനകം ഫയൽ ചെയ്ത റിട്ടേണുകൾ പുനഃപരിശോധിക്കുന്നതിനും ഇതുവരെ ഫയൽ ചെയ്തിട്ടില്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിനും നികുതിദായകരെ ഓര്‍മിപ്പിക്കുകയാണ് നികുതി വകുപ്പ്.
2022-23-ലെ വരുമാനവുമായി ബന്ധപ്പെട്ട് റിട്ടേണ്‍ പുതുക്കുന്നതിനോ റിട്ടേൺ വൈകി ഫയൽ ചെയ്യുന്നതിനോ ഉള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്.
ഐ-ടി നിയമപ്രകാരം, റിപ്പോർട്ടിംഗ് സ്ഥാപനങ്ങൾ ചില സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ഫയല്‍ ചെയ്യേണ്ടതുണ്ട്.ഫോറെക്‌സ് ഡീലർമാർ, ബാങ്കുകൾ, സബ്-രജിസ്‌ട്രാർ, എൻബിഎഫ്‌സി, പോസ്റ്റ് ഓഫീസുകൾ, ബോണ്ടുകൾ/ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നവർ, മ്യൂച്വൽ ഫണ്ട് ട്രസ്റ്റികൾ, ഡിവിഡന്റ് നൽകുന്നതോ ഓഹരികൾ തിരികെ വാങ്ങുന്നതോ ആയ കമ്പനികൾ എന്നിവ റിപ്പോർട്ടിംഗ് എന്റിറ്റികളിൽ ഉൾപ്പെടുന്നു. ഇവര്‍ നല്‍കുന്ന വിവരങ്ങളും നികുതിദായകര്‍ നല്‍കുന്ന വിവരങ്ങളും പരസ്പരം ഒത്തുനോക്കും.