image

30 July 2024 5:47 AM GMT

Economy

നികുതി ഇളവുകള്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും

MyFin Desk

Indo-US economic growth and tax reforms will help
X

Summary

  • ഇന്ത്യ-യുഎസ് സാമ്പത്തിക ഇടപഴകല്‍ വര്‍ധിപ്പിക്കും
  • സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന ഒന്നാണ് കേന്ദ്ര ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍
  • വിദേശ നിക്ഷേപം ഒഴുകാന്‍ സഹായിക്കുന്ന ബജറ്റ്


കേന്ദ്ര ബജറ്റിലെ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കലും ഏഞ്ചല്‍ ടാക്‌സ് നീക്കം ചെയ്യലും ഇന്ത്യ-യുഎസ് സാമ്പത്തിക ഇടപഴകല്‍ വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധനും ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍. യുഎസുമായി സഹകരിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2024-25 ലെ യൂണിയന്‍ ബജറ്റിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാസിരിക്കുകയായിരുന്നു അദ്ദേഹം. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കോര്‍പ്പറേറ്റ് നികുതി 40 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി കുറച്ചത് സുബ്രഹ്‌മണ്യന്‍ എടുത്തുപറഞ്ഞു. ഇന്ത്യ-യുഎസ് സാമ്പത്തിക ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റ് നടപടികള്‍ക്കൊപ്പം ഏഞ്ചല്‍ ടാക്സ് നീക്കം ചെയ്യുമെന്നും കോണ്‍സുലേറ്റിന്റെ പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന ഒന്നായാണ് ബജറ്റിനെ സുബ്രഹ്‌മണ്യന്‍ വിശേഷിപ്പിച്ചത്.

ഇന്ത്യ-യുഎസ് പങ്കാളിത്തം ഇപ്പോള്‍ ഒരു സുപ്രധാന ഘട്ടത്തിലാണെന്നും വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നും ഇത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ് നികുതി കുറച്ചത് വിദേശ കമ്പനികളെ ഇന്ത്യയില്‍ ശാഖകളും ഓഫീസുകളും സ്ഥാപിക്കാനും വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കും.

ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രാധാന്യമുള്ളതും പുറത്തുനിന്നുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആയ ഈ ബജറ്റില്‍ ഏഞ്ചല്‍ ടാക്‌സ് എടുത്തുകളഞ്ഞതിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഈ നീക്കം നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

മൂലധനച്ചെലവുകള്‍ക്കുള്ള ബജറ്റിനെ അദ്ദേഹം പ്രശംസിച്ചു, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എന്നിരുന്നാലും, കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് ഔപചാരിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അദ്ദേഹം ഊന്നല്‍ നല്‍കി.

നികുതി നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, ധനകാര്യ മാനേജ്മെന്റ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ ഇന്ത്യന്‍ നിക്ഷേപം, ബജറ്റിലെ വിവിധ വസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറയ്ക്കല്‍ എന്നിവയും അദ്ദേഹം എടുത്തുകാട്ടി.

യുഎസിലെ പ്രമുഖ നിയമ, നികുതി സ്ഥാപനങ്ങളിലൊന്നായ നിഷിത് ദേശായി അസോസിയേറ്റ്സില്‍ നിന്നുള്ള നിഷിത് ദേശായി, ബജറ്റില്‍ ഇന്ത്യന്‍ നിയമ, നികുതി നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.

ഐസിഐസിഐ ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് സമീര്‍ നാരംഗ്, ഇടക്കാല ബജറ്റില്‍ നേരത്തെ കണക്കാക്കിയ 5.1 ശതമാനത്തില്‍ നിന്ന് ധനക്കമ്മി 4.9 ശതമാനമായി താഴ്ത്തി ബജറ്റിന്റെ ധനകാര്യ വിവേകത്തെ അഭിനന്ദിച്ചു.