31 Jan 2025 5:53 PM IST
Summary
- സാമ്പത്തിക പുരോഗതിക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യം
- റോഡ്, ഹൈവേ, റെയില്‍വേ വികസനം തുടരണം
രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വികസിത ഭാരതം എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന് നിര്‍മാണമേഖലയില്‍ ഗണ്യമായ നിക്ഷേപം വേണമെന്നും നിര്‍ദേശം.
2047ല്‍ വികസിത ഭാരതമെന്ന സ്വപ്നം കൈവരിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസന ചെലവ് വര്‍ദ്ധിപ്പിക്കണം. സാമ്പത്തിക പുരോഗതിയുടെ മൂലക്കല്ലായാണ് അടിസ്ഥാന സൗകര്യ വികസനത്തെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഈ മേഖലയില്‍ പൊതു- സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമാണ്.
റോഡ്, ഹൈവേ, റെയില്‍വേ വികസനത്തിന് മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആ പ്രവണത തുടരാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതുവരെ തുറമുഖം, ഷിപ്പിംഗ്, സിവില്‍ ഏവിയേഷന്‍, റെയില്‍വേ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത്.
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ മൂലധന ചെലവഴിക്കല്‍ കുറഞ്ഞിരുന്നു. എന്നാല്‍ വരുന്ന മാസങ്ങളില്‍ അതില്‍ മാറ്റം വരും. 2024 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മൂലധനത്തിന്റെ 60% ഉപയോഗിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 2020ല്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോള്‍ മേഖലയ്ക്കുള്ള വിഹിതം 38.8 ശതമാനത്തിലെത്തി. മുന്നോട്ടും നിര്‍മാണ മേഖലയുടെ വിഹിതം ഉയരാമെന്ന സൂചന കൂടിയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.