9 Jan 2025 11:33 AM GMT
Summary
- കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കമ്പനികള്‍ നേടിയത് 8.34 ശതമാനം വളര്‍ച്ച
- സമാന മേഖലയിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വളര്‍ച്ച 1.69 ശതമാനം മാത്രം
- വരുമാനത്തിലും ലാഭക്ഷമതയിലും അണ്‍ലിസ്റ്റഡ് കമ്പനികള്‍ മുന്നില്‍
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ വരുമാന വളര്‍ച്ചയില്‍ മുന്നിലെന്ന് പഠനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കമ്പനികള്‍ നേടിയത് 8.34 ശതമാനം വില്‍പ്പന വളര്‍ച്ച. 1.69 ശതമാനമാണ് സമാന മേഖലയിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വളര്‍ച്ച. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടേതാണ് പഠന റിപ്പോര്‍ട്ട്.
വരുമാനത്തിലും ലാഭക്ഷമതയിലും അണ്‍ലിസ്റ്റഡ് കമ്പനികള്‍ തന്നെയാണ് മുന്‍നിരക്കാര്‍. ലിസ്റ്റ് ചെയ്യാത്ത സ്റ്റാര്‍ട്ടപ്പുകളും ഇടത്തരം കമ്പനികളും സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ഈ പണലഭ്യത പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനും വിപണി വിഹിതം ഉയര്‍ത്താനും അവരെ പ്രാപ്തരാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
4,231 കമ്പനികളുടെ ഡേറ്റകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അണ്‍ലിസ്റ്റഡ് ആയതിനാല്‍ മികച്ച പാദഫലം നേടുക എന്ന സമ്മര്‍ദ്ദം ബാധിക്കുന്നില്ല. ഇത് ദീര്‍ഘകാല പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികളെ സഹായിക്കുന്നു.
നവീകരണം, ഗവേഷണ വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ തന്ത്രപരമായ നിക്ഷേപം നടത്തുന്നതും ഗുണകരമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.