4 Nov 2024 6:44 AM GMT
Summary
- ശക്തമായ ഡിമാന്‍ഡ് മാനുഫാക്ചറിംഗ് പിഎംഐ വര്‍ധിപ്പിക്കുന്നതായി സര്‍വേ
- പുതിയ ഓര്‍ഡറുകളിലും അന്താരാഷ്ട്ര വില്‍പ്പനയിലും അതിവേഗ വര്‍ധനവ്
- മാനുഫാക്ചറിംഗ് പിഎംഐ: സാമ്പത്തിക വീണ്ടെടുക്കലിന്റെ അടയാളം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചക്ക് പുനരുജ്ജീവനം. എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) ഒക്ടോബറില്‍ 57.5 ആയി ഉയര്‍ന്നു. ഉല്‍പ്പാദന വളര്‍ച്ച ത്വരിതഗതിയിലായതാണ് ഇതിനു കാരണമായത്. പുതിയ ഓര്‍ഡറുകളിലും അന്താരാഷ്ട്ര വില്‍പ്പനയിലും ദ്രുതഗതിയിലുള്ള വര്‍ധനവ് ഉണ്ടായതായി സര്‍വേ വ്യക്തമാക്കുന്നു.
സെപ്റ്റംബറില്‍ പിഎംഐ സൂചിക എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 56.5 ല്‍ ആയിരുന്നു. സൂചികയില്‍ 50-ന് മുകളിലുള്ള കണക്ക് പ്രവര്‍ത്തനത്തിലെ വികാസത്തെ സൂചിപ്പിക്കുന്നു, 50-ന് താഴെയുള്ളത് സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.
പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കിയെന്നും സര്‍വേ ചൂണ്ടിക്കാട്ടി.
ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ കരാറുകളില്‍ നേട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബറില്‍ ഒന്നരവര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണ് ഉണ്ടായത്.
ഉപഭോക്തൃ, നിക്ഷേപ ഉല്‍പ്പന്ന വിഭാഗങ്ങളിലെ വേഗത്തിലുള്ള വളര്‍ച്ചയാണ് ഒക്ടോബറില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതെന്നും സര്‍വേ പറയുന്നു.
'ഒക്ടോബറില്‍ ഇന്ത്യയുടെ ഹെഡ്ലൈന്‍ മാനുഫാക്ചറിംഗ് പിഎംഐ ഗണ്യമായി മെച്ചപ്പെട്ടു, ഇത് സമ്പദ്വ്യവസ്ഥയിലെ വിശാലമായ പ്രവര്‍ത്തന സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു',എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി പറഞ്ഞു.
അതിവേഗം വര്‍ധിക്കുന്ന പുതിയ ഓര്‍ഡറുകളും അന്താരാഷ്ട്ര വില്‍പനകളും ഇന്ത്യയുടെ നിര്‍മ്മാണ മേഖലയുടെ ശക്തമായ ഡിമാന്‍ഡ് വളര്‍ച്ചയെ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം, നിരന്തരമായ പണപ്പെരുപ്പ സമ്മര്‍ദ്ദം കാരണം ഇന്‍പുട്ട്, ഔട്ട്പുട്ട് വിലകള്‍ ഉയരുകയുമാണ്.
തൊഴില്‍ മേഖലയില്‍, മൂന്നാം സാമ്പത്തിക പാദത്തിന്റെ തുടക്കത്തില്‍ നിര്‍മ്മാതാക്കള്‍ അധിക ജീവനക്കാരെ നിയമിക്കുക മാത്രമല്ല സെപ്റ്റംബറിലേതിനേക്കാള്‍ വലിയ തോതില്‍ നിയമിക്കുകയും ചെയ്തുവെന്ന് സര്‍വേ അഭിപ്രായപ്പെട്ടു.
ഒരു ശതമാനം പേര്‍ക്ക് ജോലി കുറഞ്ഞു. പാനലിനലെ പത്തില്‍ ഒരാള്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലുടനീളം ശക്തമായ പണപ്പെരുപ്പ സമ്മര്‍ദങ്ങളാണ്. ഇന്‍പുട്ട് പ്രൈസ് പണപ്പെരുപ്പം അതിന്റെ ദീര്‍ഘകാല ട്രെന്‍ഡിന് താഴെയാണെങ്കിലും മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്.