19 Sep 2023 9:21 AM GMT
Summary
- ക്രൂഡ് വില കൂടുന്നു, രൂപ ഇടിയുന്നു
- തെരഞ്ഞെടുപ്പ് സര്‍ക്കാരുകളുടെ ചെലവിടല്‍ ഉയര്‍ത്തും
- ഇന്ത്യന്‍ ഓഹരി വിപണികളിലെ മൂല്യനിര്‍ണയം ഉയര്‍ന്നത്
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അതിനു പിന്നാലെ പൊതു തെരഞ്ഞെടുപ്പും വരാനിരിക്കെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെമേല്‍ സമ്മർദ്ദം ക്രമേണ ഉയരുകയാണെന്ന് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ജെഫറീസിന്‍റെ അവലോകന കുറിപ്പ്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് അടുത്തേക്ക് ഉയരുന്നതും തെരഞ്ഞെടുപ്പ് ജയം ലക്ഷ്യമിട്ടുള്ള ചെലവിടലുകളും ഓഹരിവിപണിയെ സമ്മര്‍ദത്തിലാക്കുമെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര വിപണികളിലെ മൂല്യനിർണ്ണയം കൂടിയ നിലയിലാണെന്നും ജെഫറീസ് ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തില്‍ ഹ്രസ്വ കാലയളവില്‍ ഇന്ത്യൻ വിപണികൾ തകർച്ചയിൽ തുടരുമെന്ന് ജെഫറീസ് പ്രതീക്ഷിക്കുന്നു. ഒരു സ്റ്റോക്ക് സ്ട്രാറ്റജി എന്ന നിലയിൽ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെ അണ്ടര്‍വെയ്റ്റ് എന്ന വിഭാഗത്തിലേക്ക് അവര്‍ മാറ്റിയിട്ടുണ്ട്. എണ്ണവിലയിലെ ഉയര്‍ച്ചയെ ദീര്‍ഘകാലം വിപണികള്‍ക്ക് അവഗണിക്കാനാകില്ല. റഷ്യയും സൗദി അറേബ്യയും ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ, ഓഗസ്റ്റ് 21-ന് ബാരലിന് ഏകദേശം 83 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില 14.5 ശതമാനത്തോളം ഉയർന്നു. ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ഉത്സവ സീസണില്‍ വില കുറയ്ക്കുന്നതിനുള്ള അവസരം നഷ്ടമാകുകയാണ്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഡീസൽ വില ഉയര്‍ത്താനുള്ള സാധ്യതയും മുന്നിലുണ്ട്. എണ്ണവില ഉയരുന്നത് രൂപയ്ക്കും പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഓരോ ബാരലിനും 10 ഡോളര്‍ അധികം നല്‍കേണ്ടി വരുമ്പോള്‍ കറന്റ് അക്കൗണ്ട് കമ്മിയിൽ (സിഎഡി) 0.4 ശതമാനം പോയിന്‍റിന്‍റെ (പിപിടി) മാറ്റത്തെയാണ് അത് സൂചിപ്പിക്കുന്നതെന്ന് ജെഫറീസിന്‍റെ മാനേജിംഗ് ഡയറക്റ്റര്‍ മഹേഷ് നന്ദൂർക്കർ വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പു കാലം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‍ഗഡ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഒരു വര്‍ഷത്തിനിടെ നടക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സാധ്യതകളുടെ കൂടി വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പുകള്‍. 2018ൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‍ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. കേന്ദ്രഭരണം അസ്ഥിരതയിലേക്ക് നീങ്ങുമെന്ന സൂചന വിപണികളെ നെഗറ്റിവായി അല്‍പ്പകാലത്തേക്ക് സ്വാധീനിക്കും.
തെരഞ്ഞെടുപ്പുകള്‍ ജനപ്രിയമായ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും. കർഷകർക്കുള്ള ധനസഹായം ഉയര്‍ത്തര്‍, ആരോഗ്യ ഇൻഷുറൻസ് വിപുലീകരിക്കൽ, ഭവനവായ്പകളുടെ പലിശ സബ്‌സിഡി മുതലായവയെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫറീസ് പറഞ്ഞു. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തില്‍ ചില പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളും ഇതിനകം വലിയ രീതിയിൽ സൗജന്യങ്ങൾ നടപ്പാക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജെഫറീസ് ചൂണ്ടിക്കാണിക്കുന്നു
പൊതുമേഖലാ ഓഹരികളിലുണ്ടായ കുത്തനെയുള്ള മുന്നേറ്റം, ചില കമ്പനികളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് നന്ദൂർക്കർ വിശ്വസിക്കുന്നു. ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന സാധ്യമായതിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി സൃഷ്ടിച്ചെടുക്കുന്ന ഓളം പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന്‍റെയും പ്രഖ്യാപനങ്ങളുടെയും ഫലമായി തുടരുന്നതിനുള്ള ശ്രമങ്ങളുണ്ടാകും.
2023 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കാനുള്ള സാധ്യത വിരളമാണ്. 2024 ജനുവരിയില്‍ രാമക്ഷേത്രം തുറക്കുന്നതു പോലുള്ള മതവൈകാരിക സാഹചര്യങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കും. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് അടുത്ത വര്‍ഷം ഏപ്രിലിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുക.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ 70 ശതമാനം സാധ്യതയാണ് വിപണികൾ സൂചിപ്പിക്കുന്നതെന്ന് ഓഗസ്റ്റിൽ പുറത്തിറങ്ങിയ ജെഫറീസ് കുറിപ്പിൽ പറയുന്നു. ആസ്‍തികളുമായും മൂലധന ചെലവിടലുകളുമായും ബന്ധപ്പെട്ട ഓഹരികള്‍ക്ക് ഭരണത്തുടര്‍ച്ച ഗുണകരമാകുമെന്നു ഭൂരിഭാഗം നിക്ഷേപകരും വിലയിരുത്തുന്നു.