image

22 Dec 2023 2:44 PM IST

Economy

മാന്ദ്യം തുടങ്ങിയെന്ന് സൂചന; യുകെ-യുടെ ജിഡിപിയില്‍ ഇടിവ്

MyFin Desk

മാന്ദ്യം തുടങ്ങിയെന്ന് സൂചന; യുകെ-യുടെ ജിഡിപിയില്‍ ഇടിവ്
X

Summary

  • രണ്ടാം പാദത്തില്‍ വളര്‍ച്ചയോ സങ്കോചമോ ഇല്ലെന്ന് പുതുക്കിയ എസ്‍റ്റിമേറ്റ്
  • നവംബറില്‍ റീട്ടെയില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നു
  • കണക്കുകളില്‍ പ്രകടമാകുന്നത്ര മോശമല്ല സമ്പദ് വ്യവസ്ഥയെന്ന് യുകെ ധനമന്ത്രി


2023ന്‍റെ മൂന്നാം പാദത്തില്‍ യുകെയുടെ ജിഡിപി 0.1 ശതമാനം വാര്‍ഷിക ഇടിവ് പ്രകടമാക്കിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. രണ്ടാം പാദത്തില്‍ വളര്‍ച്ചയോ സങ്കോചമോ പ്രകടമാക്കാതിരിക്കുകയും, മൂന്നാം പാദത്തിൽ ഇടിവ് പ്രകടമാകുകയും ചെയ്തതോടെ സമ്പദ് വ്യവസ്ഥ ഇതിനകം മാന്ദ്യത്തിന്‍റെ പാതയില്‍ എത്തിയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രാഥമിക എസ്റ്റിമേറ്റില്‍, രണ്ടാം പാദത്തില്‍ 0.2 ശതമാനം ജിഡിപി വളര്‍ച്ചയുണ്ടെന്ന് കണക്കാക്കിയിരുന്നു.

നവംബറില്‍ റീട്ടെയില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നുവെന്നാണ് ഇന്ന് പുറത്തിറങ്ങിയ മറ്റൊരു ഡാറ്റയില്‍ പറയുന്നത്. ഒക്റ്റോബറിനെ അപേക്ഷിച്ച് റീട്ടെയില്‍ വില്‍പ്പന നവംബറില്‍ 1.3 ശതമാനം ഉയര്‍ന്നു. പുതിയ സാമ്പത്തിക ഡാറ്റകള്‍ പുറത്തുവന്നതിനു പിന്നാലെ, ഡോളറിനും യൂറോയ്ക്കും എതിരേ യുകെ കറന്‍സിയായ പൗണ്ട് സ്‍റ്റെര്‍ലിംഗിന്‍റെ മൂല്യം ഉയര്‍ന്നു.

എന്നാല്‍, ഇടത്തരം കാലയളവില്‍ യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള വീക്ഷണം കണക്കുകളില്‍ പ്രകടമാകുന്നത്ര മോശമല്ലെന്നാണ് യുകെ ധനമന്ത്രി ജെറമി ഹണ്ട് പറയുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജെറമിയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സാധ്യതകള്‍ കുറവാണെന്നാണ് അഭിപ്രായ സര്‍വെകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പുതിയ സാമ്പത്തിക ഡാറ്റകള്‍ യുകെ ഭരണകൂടത്തിന് രാഷ്ട്രീയമായും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.