16 Dec 2024 11:16 AM GMT
Summary
- ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങള്‍ക്ക് ഇന്ത്യ എല്‍എന്‍ജി നല്‍കും
- ഇരട്ടനികുതി ഒഴിവാക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു
- ടൂറിസം വിപുലീകരണവും ഇരുപക്ഷവും ചര്‍ച്ച ചെയ്തു
ഇന്ത്യയ്ക്ക് ദോഷകരമായ ഒരു പ്രവര്‍ത്തനത്തിനും തന്റെ രാജ്യത്തിന്റെ പ്രദേശം ഉപയോഗിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് ഹൗസിലായിരുന്നു ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്. രണ്ട് വര്‍ഷം മുമ്പ് ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കൊളംബോയെ സഹായിച്ചതിന് ദിസനായകെ ഇന്ത്യയോട് നന്ദി പറഞ്ഞു. 4 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പകളിലൂടെയും ഗ്രാന്റുകളിലൂടെയും ഇന്ത്യ ലങ്കയെ പിന്തുണച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
അയല്‍രാജ്യത്ത് അനുരഞ്ജനവും പുനര്‍നിര്‍മ്മാണവും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് ദിസനായകെ ഇന്ത്യയിലെത്തിയത്. സന്ദര്‍ശനം ചൊവ്വാഴ്ച വരെ നീളും.
അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ ഒരു ബിസിനസ് പരിപാടിയില്‍ പങ്കെടുക്കും, അതിനുശേഷം ബോധ് ഗയ സന്ദര്‍ശിക്കും.
ഇരട്ടനികുതി ഒഴിവാക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള കരാറുകളില്‍ ഇരുപക്ഷവും ഒപ്പുവച്ചു.
സാംപൂര്‍ സൗരോര്‍ജ്ജ പദ്ധതി, ശ്രീലങ്കയ്ക്കുള്ളിലെ റെയില്‍വേ കണക്റ്റിവിറ്റി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഫെറി, ഫ്‌ലൈറ്റ് സേവനങ്ങള്‍, ഡിജിറ്റല്‍ ഐഡന്റിറ്റി പ്രോജക്റ്റ്, വിദ്യാഭ്യാസം, പ്രതിരോധ ഉടമ്പടികള്‍, ഹൈഡ്രോഗ്രാഫിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ദിസനായകെയും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി.
കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് മെക്കാനിസത്തിലൂടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളില്‍ സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, തീവ്രവാദ വിരുദ്ധത എന്നിവയുടെ പ്രാധാന്യത്തെ മോദി എടുത്തു പറഞ്ഞു. പരസ്പരം രാജ്യങ്ങളില്‍ പര്യടനം നടത്തുന്നതിനായി രാമായണ സര്‍ക്യൂട്ടും ബുദ്ധ സര്‍ക്യൂട്ടും അവര്‍ ചര്‍ച്ച ചെയ്തു.
അധികാരമേറ്റതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കാണെന്ന വസ്തുത, ബന്ധത്തിന് നല്‍കിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങള്‍ക്ക് ഇന്ത്യ എല്‍എന്‍ജി നല്‍കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. അനുര കുമാര ദിസനായകെയുമായി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇരു രാജ്യങ്ങളുടെയും പവര്‍ ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനും അയല്‍രാജ്യങ്ങള്‍ക്കിടയില്‍ പെട്രോളിയം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
യുണീക് ഡിജിറ്റല്‍ ഐഡന്റിറ്റി പ്രോഗ്രാമില്‍ ഇന്ത്യ ശ്രീലങ്കയുമായി സഹകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയിലെ 1500 സിവില്‍ സര്‍വീസുകാര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.