image

23 July 2024 8:14 AM GMT

Economy

ആദായ നികുതിയില്‍ നേരിയ ആശ്വാസം

MyFin Desk

income up to rs 3 lakh is tax free
X

Summary

  • 7ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനം നികുതി
  • 15 ലക്ഷം രൂപയില്‍ കൂടുതലുള്ള ഏതൊരു വരുമാനവും 30 ശതമാനത്തിന് കീഴിലാണ്


ആദായനികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം ബജറ്റില്‍ പ്രഖ്യാപിച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള നികുതിദായകര്‍ക്ക് ആശ്വാസമായി, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ത്രെഷോള്‍ഡ് പരിധി ഇപ്പോള്‍ 75,000 രൂപയായി ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ശമ്പളമുള്ള വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ പരിധി 50,000 രൂപയായി നേരത്തെ നിശ്ചയിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി, പ്രത്യക്ഷ നികുതി സമ്പ്രദായത്തിലെ സ്റ്റാന്‍ഡേര്‍ഡ് ഡെഡിക്കേഷന്‍ പരിധി ഒരു ലക്ഷം രൂപയായി പരിഷ്‌കരിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

പുതുക്കിയ സ്ലാബുകള്‍ അനുസരിച്ച്, 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, നികുതി ബാധകമല്ല. 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 ശതമാനവും 7 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവുമാണ് നികുതി.

10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവുമാണ് നികുതി. 15 ലക്ഷം രൂപയില്‍ കൂടുതലുള്ള ഏതൊരു വരുമാനവും ഏറ്റവും ഉയര്‍ന്ന നികുതി വിഭാഗമായ 30 ശതമാനത്തിന് കീഴിലാണ്.

2025 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം കര്‍ഷകരെ പ്രകൃതിദത്ത കൃഷിരീതിയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് അവതരണത്തില്‍, സുസ്ഥിരമായ രീതികള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളെ ഇവിടെ ധനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.

സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാസവളങ്ങളുടെയും കീടനാശിനികളുടെയും ആശ്രിതത്വം കുറയ്ക്കുന്നതിനും പ്രകൃതി കൃഷിയിലേക്കുള്ള മാറ്റം ലക്ഷ്യമിടുന്നു.

പ്രകൃതി കൃഷി മണ്ണിന്റെ ആരോഗ്യവും ജൈവവൈവിധ്യവും വര്‍ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൃഷിച്ചെലവ് കുറയ്ക്കുകയും അതുവഴി അവരുടെ ലാഭക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വലിയ തോതിലുള്ള പച്ചക്കറി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയും സീതാരാമന്‍ പ്രഖ്യാപിച്ചു.