3 July 2023 11:34 AM IST
ജൂണിൽ ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന വേഗതയില്‍. എസ് & പി ഗ്ലോബൽ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്സ് (പിഎംഐ) ജൂണിൽ 57.8 ആണ്. മേയില്‍ രേഖപ്പെടുത്തിയ 58.7ൽ നിന്ന് നേരിയ കുറവ് മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഉയർന്ന പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും ശക്തമായ ആവശ്യകത പ്രകടമാണെന്ന് ഇന്ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതോടെ തുടര്‍ച്ചയായി രണ്ടു വര്‍ഷം സൂചിക 50നു മുകളില്‍ തന്നെ തുടരുകയാണ്. 50നു മുകളിലുള്ള പിഎംഐ വികാസത്തെയും 50നു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. ജൂണിലെ വിൽപ്പനയില്‍ പ്രകടമായ വളര്‍ച്ചയുടെ സാഹചര്യത്തില്‍ കമ്പനികൾ ഉൽപ്പാദനം വർധിപ്പിച്ചു. ഉല്‍പ്പാദനത്തിലെ വിപുലീകരണം കനത്തതും കഴിഞ്ഞ ഒന്നര വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ തലത്തിലുള്ളതും ആയിരുന്നെന്ന് എസ് & പി ഗ്ലോബലിന്‍റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
"ജൂണിലെ പിഎംഐ ഫലങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്കുള്ള ശക്തമായ ആവശ്യകത വീണ്ടും വെളിവാക്കി," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു. " ക്ലയന്റ് താൽപ്പര്യം പോസിറ്റീവായി തുടരുന്നത് മാനുഫാക്ചറിംഗ് മേഖലയെ പിന്തുണയ്ക്കുന്നത് തുടർന്നു. ഉൽപ്പാദനം, തൊഴിൽ, വാങ്ങലുകളുടെ അളവ്, ഇൻപുട്ട് സ്റ്റോക്കുകൾ എന്നിവയിലെല്ലാം വളര്‍ച്ച പ്രകടമാണ്".
ഉപ സൂചികകളും മേയിനെ അപേക്ഷിച്ച് നേരിയ അളവില്‍ താഴോട്ടുവന്നെങ്കിലും, ആഭ്യന്തരവും അന്തർദേശീയവുമായ ആവശ്യകത കാരണം പുതിയ ഓർഡറുകളും ഉൽപ്പാദനവും കുത്തനെ ഉയർന്നു. തുടർച്ചയായ 15-ാം മാസമാണ് വിദേശ ആവശ്യകതയില്‍ വളര്‍ച്ച പ്രകടമാകുന്നത്.
ശക്തമായ ആവശ്യകത അടിവരയിട്ട് ഉറപ്പിക്കപ്പെടുന്നതിലൂടെ ബിസിനസ്സ് ആത്മവിശ്വാസവും ഭാവിയിലെ ബിസിനസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തി. ഇത് തുടർച്ചയായ മൂന്നാം മാസവും തങ്ങളുടെ തൊഴിൽ ശക്തി വർദ്ധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചു. തൊഴിൽ സൂചിക നവംബറിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നിരക്കില്‍ എത്തിയെങ്കിലും, വിപുലീകരണ നിരക്ക് പരിമിതമായിരുന്നു എന്നും എസ്&പി ഗ്ലോബല്‍ ചൂണ്ടിക്കാണിക്കുന്നു.
തൊഴില്‍ ചെലവുകളും ചില അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയര്‍ന്നത് ജൂണിൽ ഇൻപുട്ട് ചെലവുകൾ വർധിപ്പിക്കാൻ കാരണമായി, എന്നാൽ മേയുമായുള്ള താരതമ്യത്തില്‍ പണപ്പെരുപ്പ നിരക്ക് വളരെ നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത് ദീർഘകാല ശരാശരിയേക്കാൾ താഴെയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനികൾ ചെലവുകളിലെ ഈ വര്‍ധന ക്ലയന്റുകൾക്ക് കൈമാറാന്‍ തയാറായിട്ടുണ്ട്, ഔട്ട്‌പുട്ട് വില സൂചിക 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഉല്‍പ്പന്ന വില ഉയര്‍ന്നത് ജൂലെെയിലെ ആവശ്യകതയെ കാര്യമായി ബാധിക്കില്ലെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.
"വാങ്ങല്‍ ആവശ്യകതയെ മുന്‍നിര്‍ത്തി, മാനുഫാക്ചറിംഗ് കമ്പനികള്‍ തങ്ങളുടെ വിലനിർണ്ണയ തന്ത്രങ്ങൾ ക്രമീകരിക്കാനുള്ള അവസരം മുതലെടുത്തു. ഔട്ട്പുട്ട് ചാർജുകളിലെ ഏറ്റവും പുതിയ വർദ്ധന, മത്സരാധിഷ്ഠിതമായി നിലനിന്നു കൊണ്ടുതന്നെ തങ്ങള്‍ക്കുണ്ടാകുന്ന അധിക ഭാരം ഉപഭോക്താക്കൾക്ക് കൈമാറാനുള്ള മാനുഫാക്ചറിംഗ് കമ്പനികളുടെ ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണ്," ഡി ലിമ കൂട്ടിച്ചേർത്തു.
ഡിമാൻഡ് കരുത്ത്, പുതിയ ക്ലയന്റ് അന്വേഷണങ്ങള്‍, വിപണന ശ്രമങ്ങള്‍ എന്നിവയെല്ലാം വളർച്ചാ സാധ്യതകളിലേക്കുള്ള ശുഭപ്രതീക്ഷകളെ സാധൂകരിക്കുന്ന തരത്തിലാണ് ഉള്ളത്. കൂടാതെ, ബിസിനസ്സ് ആത്മവിശ്വാസത്തിന്റെ മൊത്തത്തിലുള്ള നിലവാരം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നുവെന്നും എസ് & പി ഗ്ലോബല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.