15 Jun 2023 10:30 AM GMT
Summary
- 2022-23 ല്‍ 8.09 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി
- യുഎസ് പ്രധാന ഇറക്കുമതിക്കാര്‍
- സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ചൈന തൊട്ടുപിന്നില്‍
ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയിലെ വര്‍ധന കാരണം 2022-23 ല്‍ ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി 4.31 ശതമാനം ഉയര്‍ന്നു. ഇക്കാലയളവില്‍ ഈ രംഗത്തെ കയറ്റുമതിയിലൂടെ രാജ്യം 8.09 ബില്യണ്‍ ഡോളര്‍ നേടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
2021-22ല്‍ 13,69,264 ടണ്ണായിരുന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,35,286 ടണ്ണായാണ് ഉയര്‍ന്നത്.
'ശീതീകരിച്ച ചെമ്മീന്‍ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടര്‍ന്നു, യുഎസ്എയും ചൈനയും ഇന്ത്യയുടെ സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി മാറി,' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിമാത്രം 2022-23ല്‍ 5.48 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയുടെ മൊത്തം സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ 41 ശതമാനവും ചെമ്മീനുമായി ബന്ധപ്പെട്ടതാണ്.
ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണി യുഎസാണെന്ന് മന്ത്രാലയം അറിയിച്ചു. ചൈന, യൂറോപ്യന്‍ യൂണിയന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാന്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നിലുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് വിഭാഗങ്ങളില്‍ ബ്ലാക്ക് ടൈഗര്‍,ചെമ്മീന്‍, ശീതീകരിച്ച മത്സ്യം, ശീതീകരിച്ച നീരാളി (ഒക്ടോപ്പസ്),
ടിന്നിലടച്ച ഉല്‍പ്പന്നങ്ങള്‍, ഫ്രോസണ്‍ ലോബ്സ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായി തുടര്‍ന്നു.
ഡിമാന്‍ഡ് മന്ദഗതിയിലായതിനാല്‍ യുഎസിലേക്കുള്ള കയറ്റുമതി യുഎസ് ഡോളറില്‍ 21.94 ശതമാനം കുറഞ്ഞു.
രണ്ടാമത്തെ വലിയ സമുദ്രോല്‍പ്പന്ന കയറ്റുമതി കേന്ദ്രമായി ചൈന ഉയര്‍ന്നിട്ടുണ്ട്. ഇത് ഇന്ത്യക്ക് ഭീഷണിയാണ്. കാരണം മറ്റു രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സമുദ്ര മേഖലയില്‍പ്പോലും ചൈന ഇന്ന് കടന്നുകയറി മത്സ്യബന്ധനം നടത്തുന്നു.
ഇത് പലപ്പോഴും വിവാദമാകാറുമുണ്ട്. തെക്ക്കിഴക്കന്‍ ഏഷ്യയില്‍ മാത്രമല്ല ബെയ്ജിംഗിന്റെ കൂറ്റന്‍ കപ്പലുകള്‍ മത്സ്യബന്ധനത്തിനായി ഇറങ്ങുക. ആഴക്കടല്‍ മത്സ്യബന്ധനത്തിലും ബെയ്ജിംഗ് മുന്നിട്ടു നില്‍ക്കുന്നു.
സമ്പന്നവും പാരിസ്ഥിതിക വൈവിധ്യവും, ഗാലപ്പഗോസ് ദ്വീപുകള്‍ക്ക് ചുറ്റുമുള്ള സമുദ്രം നൂറ്റാണ്ടുകളായി പ്രാദേശിക മത്സ്യത്തൊഴിലാളികളെ ആകര്‍ഷിക്കുന്നതായിരുന്നു. എന്നാല്‍ ഇന്ന് ഈ പ്രദേശം ചൈനയുടെ മത്സ്യബന്ധന മേഖലയാണ്. ഇത് സാധാരണയായി ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഭീഷണിയായി.
പസഫിക് സമുദ്രത്തിലെ അഗ്‌നിപര്‍വ്വത ദ്വീപസമൂഹമാണ് ഗാലപ്പഗോസ് ദ്വീപുകള്‍. വന്യജീവികളെ കാണാനുള്ള ലോകത്തിലെ ഏറ്റവും മുന്‍നിര സ്ഥലങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
തെക്കേ അമേരിക്കന്‍ തീരങ്ങളില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം സ്ഥിരം കാഴ്ചയാണെന്ന് പറയപ്പെടുന്നു. ചൈന മത്സ്യബന്ധനം നടത്തുയിടങ്ങളിലെ പരിസ്ഥിതി സംബന്ധിച്ച് അവര്‍ യാതൊരു ശ്രദ്ധയും നല്‍കുന്നുമില്ല. ഏറ്റവും വലിയ ആഴക്കടല്‍ മത്സ്യബന്ധന കപ്പലുകള്‍ ഇന്ന് ബെയ്ജിംഗിനുണ്ട്.
സ്വന്തം തീരദേശ ജലത്തില്‍ വന്‍തോതില്‍ മത്സ്യത്തിന്റെ സ്റ്റോക്ക് കുറഞ്ഞതിനാല്‍, ചൈന ഇപ്പോള്‍ ലോകത്തിലെ ഏത് സമുദ്രത്തിലും മത്സ്യബന്ധനം നടത്തുന്നു.