19 Feb 2025 11:26 AM GMT
Summary
- ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരത പുലര്‍ത്തുന്നു
- ഔദ്യോഗിക ജിഡിപി ഡാറ്റ 2025 ഈ മാസം 28 ന് സര്‍ക്കാര്‍ പുറത്തുവിടും
ഇന്ത്യയുടെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് 6.2 മുതല്‍ 6.3 ശതമാനം വരെയായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ജിയോ പൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങളും വ്യാപാര- വിതരണ ശൃംഖലകളിലെ തടസ്സങ്ങളുമുണ്ടായിരുന്നിട്ടും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സ്ഥിരത പുലര്‍ത്തുന്നുവെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
മൂന്നാം പാദത്തിലെ ഔദ്യോഗിക ജിഡിപി ഡാറ്റ 2025 ഈ മാസം 28 ന് സര്‍ക്കാര്‍ പുറത്തുവിടും. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യകരമായ മുന്നേറ്റമാണ് ഈ നേട്ടത്തിന് ആക്കം കൂട്ടുന്നതെന്ന് എസ്ബിഐ പറഞ്ഞു. ഇത് ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ വേതന വളര്‍ച്ചയിലെ സ്ഥിരത, ശക്തമായ ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന, റാബി വിളകളുടെ വിതയ്ക്കല്‍ എന്നിവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 8.6% എന്ന വളരെ ഉയര്‍ന്ന വേഗതയിലാണ് വികസിച്ചത്.
ഉപഭോഗം, ആവശ്യകത, കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിലെ 36 മുന്‍നിര സൂചകങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഇത് 2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വര്‍ധനവ് സൂചിപ്പിക്കുന്നുണ്ടെന്നും എസ്ബിഐ പറഞ്ഞു. ഇതോടൊപ്പം മൂന്നാം പാദത്തിലെ മാന്ദ്യം ഇന്ത്യയ്ക്ക് മാത്രമല്ല സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.