10 Dec 2023 10:30 AM
Summary
- ഇപ്പോഴത്തെ ചര്‍ച്ചകളെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല
- ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്‌ടിഎ) നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് ആക്കം കൂട്ടാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ടീമിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ന്യൂഡൽഹിയിൽ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരമൊരു സന്ദർശനത്തെക്കുറിച്ച് ഇരുപക്ഷത്തുനിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫെബ്രുവരി അവസാനത്തോടെ എഫ്‍ടിഎ അന്തിമമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങളും 2024-ൽ ഒരു തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് നീങ്ങുകയാണ്, ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കുന്നത് സുനക്കിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വർഷം ജനുവരിയിൽ അന്നത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇന്ത്യ-യുകെ എഫ്‍ടിഎ ചർച്ചകൾക്ക് തുടക്കമിട്ടത്. അതിനുശേഷം 13 റൗണ്ട് ചർച്ചകൾ നടന്നിട്ടുണ്ട്.
ഏറ്റവുമൊടുവിൽ, വിദേശകാര്യ മന്ത്രി (ഇഎഎം) എസ്. ജയശങ്കർ കഴിഞ്ഞ മാസം യുകെ സന്ദർശനം നടത്തിയപ്പോഴും എഫ്‌ടിഎ വിഷയം ചര്‍ച്ചയായി." ചര്‍ച്ചകളില്‍ ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചു. എഫ്‌ടിഎയുടെ പ്രാധാന്യത്തെക്കുറിച്ച് ഇരുപക്ഷവും വളരെ ബോധവാന്മാരാണ്. പരസ്പരം യോജിക്കുന്ന ആ പോയിന്‍റിലേക്ക് എത്തുമെന്നതില്‍ ആത്മവിശ്വാസമുണ്ട് ," റിഷി സുനകിനൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട ജയശങ്കർ പറഞ്ഞു.
കരാറിലെ 26 ചാപ്റ്ററുകളില്‍ 20 ലും ധാരണയായതായാണ് അടുത്തിടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതികരിച്ചത്.