image

29 Aug 2024 5:42 AM GMT

Economy

റിലയന്‍സ്-ഡിസ്‌നി ലയനത്തിന് അംഗീകാരം

MyFin Desk

reliance-disney alliance against netflix
X

Summary

  • ലയനകരാര്‍ 8.5 ബില്യണ്‍ ഡോളറിന്റേത്
  • സംയുക്ത സ്ഥാപനത്തില്‍ റിലയന്‍സിനും വയാകോം 18 നും 63.16 ശതമാനം ഓഹരിയുണ്ടാകും
  • ശേഷിക്കുന്ന 36.84 ശതമാനം ഓഹരികള്‍ വാള്‍ട്ട് ഡിസ്നി കൈവശം വെയ്ക്കും


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിനോദ വിഭാഗമായ വയാകോം 18, വാള്‍ട്ട് ഡിസ്‌നി കോയുടെ ഇന്ത്യന്‍ മീഡിയ അസറ്റുകള്‍ എന്നിവയുടെ ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം ലഭിച്ചു. 8.5 ബില്യണ്‍ ഡോളറിന്റെ കരാറാണിത്.

ലയന കരാര്‍ പ്രകാരം, സോണി, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, സീ എന്നിവയ്ക്കെതിരെ മത്സരിക്കുന്ന പുതിയ സ്ഥാപനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

'റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റല്‍ 18 മീഡിയ ലിമിറ്റഡ്, സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാര്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന നിര്‍ദ്ദിഷ്ട കോമ്പിനേഷന് കമ്മീഷന്‍ അംഗീകരിക്കുന്നതായി സിഐഐ എക്‌സിലെ ഒരു പോസ്റ്റില്‍ വ്യാക്തമാക്കി.

വയാകോം 18 ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല, ഡിസ്‌നി ഇന്ത്യ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സീ എന്റര്‍ടൈന്‍മെന്റും സോണി പിക്ചര്‍ നെറ്റ്വര്‍ക്കുകളും തങ്ങളുടെ പരാജയപ്പെട്ട 10 ബില്യണ്‍ ഡോളറിന്റെ ലയന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ സമ്മതിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ്, വയാകോം18ഉം ഡിസ്നി ഇന്ത്യയുടെ സ്റ്റാര്‍ ഇന്ത്യയും അവരുടെ മീഡിയ ആസ്തികള്‍ ലയിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ ലയനം 120 ചാനലുകളുടെ പോര്‍ട്ട്ഫോളിയോ ഉള്ള സംയുക്ത സ്ഥാപനത്തെ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ കൂട്ടായ്മയാക്കുന്നു. ലയന പ്രഖ്യാപനത്തിന് ശേഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ എംകെയുടെ അനലിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം പുതിയ സ്ഥാപനത്തിന് വ്യവസായത്തിന്റെ 40-45 ശതമാനം വിഹിതം ഉണ്ടായിരിക്കും.

ഈ ലയനത്തിലൂടെ സ്റ്റാര്‍ ഇന്ത്യ വയാകോം 18-ന്റെയും ഡിസ്‌നിയുടെയും സഹ ഉടമസ്ഥതയിലുള്ള ഒരു സംയുക്ത സംരംഭമായി (ജെവി) മാറും. കൂടാതെ, കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, വയാകോം 18ന്റെ മീഡിയ പ്രവര്‍ത്തനങ്ങള്‍ കോടതി അംഗീകരിച്ച ഒരു സ്‌കീം വഴി സ്റ്റാര്‍ ഇന്ത്യയുമായി ലയിപ്പിക്കും.

രണ്ട് സ്ട്രീമിംഗ് സേവനങ്ങളുള്ള സംയുക്ത സ്ഥാപനത്തില്‍ റിലയന്‍സിനും വയാകോം 18 നും 63.16 ശതമാനം ഓഹരിയുണ്ടാകും. ശേഷിക്കുന്ന 36.84 ശതമാനം ഓഹരികള്‍ വാള്‍ട്ട് ഡിസ്നി കൈവശം വെക്കും.

എംകെയുടെ അനലിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, 30,000-ലധികം ഡിസ്‌നി ഉള്ളടക്ക അസറ്റുകള്‍ക്ക് ലൈസന്‍സുള്ള ഡിസ്‌നിയുടെ സിനിമകളും പ്രൊഡക്ഷനുകളും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക അവകാശവും പുതിയ സംയുക്ത സംരംഭത്തിന് ലഭിക്കും.

നേരത്തെ, ക്രിക്കറ്റ് സംപ്രേക്ഷണാവകാശത്തില്‍ പുതിയ സ്ഥാപനം അമിത നിയന്ത്രണം നേടുകയും അതുവഴി പരസ്യദാതാക്കളെ ബാധിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചതിനാല്‍ ലയനത്തെക്കുറിച്ച് സിസിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലയനം സംബന്ധിച്ച് സിസിഐ ഇരു കമ്പനികളോടും നൂറോളം ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.