7 Jan 2024 11:47 AM GMT
Summary
- അത്യാധുനിക ഡാറ്റാ സെന്റര്‍ അടുത്തയാഴ്ച തമിഴ്നാട്ടില്‍ ഉദ്ഘാടനം ചെയ്യും
- അംബാനിയുടെ പ്രസംഗം തമിഴ്നാടിന്‍റെ ആഗോള നിക്ഷേപ സംഗമത്തില്‍
- തമിഴ്നാട്ടില്‍ റിലയന്‍സിന് ഏകദേശം 1,300 റീട്ടെയിൽ സ്റ്റോറുകൾ
പുനരുപയോഗ ഊർജ മേഖലയിൽ തമിഴ്‌നാട്ടിൽ പുതിയ നിക്ഷേപം നടത്താൻ റിലയൻസ് ഇൻഡസ്ട്രീസ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് 2024- ന്റെ ഉദ്ഘാടന ചടങ്ങിൽ നർത്തിയ വെർച്വൽ പ്രസംഗത്തിലാണ് അംബാനി ഇക്കാര്യം പറഞ്ഞത്.
കാനഡ ആസ്ഥാനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റിയാലിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ അത്യാധുനിക ഡാറ്റാ സെന്റര്‍ അടുത്തയാഴ്ച തമിഴ്നാട്ടില്‍ ഉദ്ഘാടനം ചെയ്യുകയാണ്.
"സംസ്ഥാനത്തുടനീളം ഞങ്ങൾ 25,000 കോടി രൂപ മുതൽമുടക്കിൽ ഏകദേശം 1,300 റീട്ടെയിൽ സ്റ്റോറുകൾ തുറന്നിട്ടുണ്ട്. ജിയോ തമിഴ്‌നാട്ടിൽ 35,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തി, സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദശലക്ഷക്കണക്കിന് വരിക്കാര്‍ ജിയോക്കുണ്ട്, അംബാനി പറഞ്ഞു.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംബാനിയുടെ വീഡിയോ സന്ദേശം. തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റിയതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അംബാനി അഭിനന്ദിച്ചു.
പുനരുപയോഗ ഊർജത്തിലും ഗ്രീൻ ഹൈഡ്രജനിലും തമിഴ്‌നാട്ടിൽ പുതിയ നിക്ഷേപം നടത്താൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണെന്നും പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.