7 July 2023 7:24 AM
Summary
- ന്യൂയോര്‍ക്ക് സിറ്റിയാണ് സമ്പന്നമായ നഗരവും, സമ്പന്നര്‍ താമസിക്കുന്നയിടവും
- ടോക്കിയോ 2,90,300 പ്ലസ് മില്യനെയര്‍മാര്‍ താമസിക്കുന്ന നഗരമാണ്
- മികച്ച സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ് ഹോ്‌ങ്കോങ്
ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം 2023-ലെ ഏറ്റവും സമ്പന്നമായ ഏഴ് നഗരങ്ങള്‍ ഇവയാണ്. ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് (Henley and Partners) ആണ് പട്ടിക പുറത്തുവിട്ടത്.
ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് സിറ്റിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരവും, സമ്പന്നര്‍ താമസിക്കുന്നയിടവും. 101 ബില്യനെയര്‍മാര്‍, 3,40,000 പ്ലസ് മില്യനെയര്‍മാര്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.മന്‍ഹട്ടന്‍, ബ്രൂക്ലിന്‍, ബ്രോങ്ക്‌സ്, ക്വീന്‍സ്, സ്റ്റാറ്റന്‍ ഐലന്‍ഡ്‌സ് എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ന്യൂയോര്‍ക്ക് നഗരം. 8.9 ദശലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ.
ടോക്കിയോ
ജപ്പാന്റെ തലസ്ഥാന നഗരിയായ ടോക്കിയോ 2,90,300 പ്ലസ് മില്യനെയര്‍മാര്‍ താമസിക്കുന്ന സ്ഥലമാണ്. പതിറ്റാണ്ടുകളായി സാങ്കേതികവിദ്യയുടെ കേന്ദ്രമായി അറിയപ്പെടുന്ന ടോക്കിയോ, മൈക്രോചിപ്പ്, ടെക്‌നോളജി മേഖലകളില്‍ ഇന്നൊവേഷന്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. 37 മില്യനാണ് ജനസംഖ്യ.
സാന്‍ഫ്രാന്‍സിസ്‌കോ
അഡോബ്, ആപ്പിള്‍, സിസ്‌കോ, ഫേസ്ബുക്ക്, ഗൂഗിള്‍, എച്ച്പി, ഇന്റല്‍, ലിങ്ക്ഡിന്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില ടെക് കമ്പനികളുടെ കേന്ദ്രമാണ് സാന്‍ ഫ്രാന്‍സിസ്‌കോ. ലോകത്തിലെ ഏതൊരു നഗരത്തേക്കാളും ഏറ്റവും കൂടുതല്‍ ബില്യനെയര്‍മാരുള്ളത് ബേ ഏരിയയിലാണ്. 2,85,000-ത്തിലധികംമില്യനെയര്‍മാരുണ്ടിവിടെ. 7.7 മില്യനാണ് ജനസംഖ്യ.
ലണ്ടന്‍
സമ്പന്നരുടെ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി റാങ്ക് ചെയ്യുന്ന ലണ്ടന്‍, പട്ടികയില്‍ നാലാം സ്ഥാനത്താണ്. നിക്ഷേപത്തിനും ജീവിതശൈലിയിലും മുന്‍നിര വിഭാഗത്തിലാണ് ലണ്ടന്‍ നഗരത്തിന്റെ സ്ഥാനം.2021-ല്‍ ലണ്ടനിലെ 30 മില്യന്‍ ഡോളറിലധികം ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 8.5 ശതമാനം വര്‍ധിച്ച് 9,906 ആയി. 2,58,000-ത്തിലധികമാണു മില്യനെയര്‍മാരുടെ എണ്ണം. 9.6 മില്യനാണ് ജനസംഖ്യ.
സിംഗപ്പൂര്‍
മറ്റ് രാജ്യങ്ങളില്‍നിന്നും കുടിയേറുന്ന കോടീശ്വരന്മാരുടെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്ന സിംഗപ്പൂര്‍ നഗരം ലോകത്തിലെ ഏറ്റവും ബിസിനസ് സൗഹൃദ നഗരങ്ങളിലൊന്നായി അഞ്ചാം സ്ഥാനത്താണ്.നിലവില്‍ 240,100 മില്യനെയര്‍മാരും 329 സെന്റി മില്യനെയര്‍മാരും 27 മില്യനെയര്‍മാരും വസിക്കുന്നു ഈ നഗരത്തില്‍.
ലോസ് ഏഞ്ചല്‍സ്
ഈ നഗരത്തിന്റെ വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് വ്യവസായങ്ങളാണ്. സംഗീതജ്ഞരും, സിനിമാ താരങ്ങളും, ചലച്ചിത്ര സംവിധായകരും വസിക്കുന്ന നഗരമാണിത്.
വിനോദം, മാധ്യമം, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ടെക്, ഗതാഗതം തുടങ്ങിയ വ്യവസായങ്ങളുടെ തലസ്ഥാന നഗരിയാണ് ലോസ് ഏഞ്ചല്‍സ്.
ഹോങ്കോങ്
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നാണ് ഹോ്‌ങ്കോങ്. സമ്പന്ന പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ് ഈ നഗരം സ്ഥാനംപിടിച്ചിരിക്കുന്നത്.
32 ബില്യനെയര്‍മാര്‍, 290 സെന്റി മില്യനെയര്‍മാര്‍, 129500 മില്യനെയര്‍മാരും ഉള്ള ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്ന് കൂടിയാണ്. ഹോങ്കോങിനു താഴെ എട്ടാം സ്ഥാനത്തായി ബീജിംഗ് സ്ഥാനം പിടിച്ചു. ഒന്‍പതാം സ്ഥാനത്ത് മറ്റൊരു ചൈനീസ് നഗരമാണുള്ളത്. ഷാങ്ഹായ്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഓസ്ട്രേലിയ, ചൈന, ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നഗരങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഈ പട്ടികയില്‍ മുംബൈ 21-ാം സ്ഥാനത്താണ്. മുംബൈ നഗരത്തില്‍ ഏകദേശം 59,000 മില്യനെയര്‍മാരുണ്ട്.
ഏതൊരു നഗരത്തിന്റെയും സമ്പത്തിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനസംഖ്യ, ജിഡിപി, കോടീശ്വരന്മാര്‍ തുടങ്ങിയവയാണ് ആ ഘടകങ്ങള്‍. ഈ സുപ്രധാന ഘടകങ്ങളാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടിക രൂപപ്പെടുത്തുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നത്. ഫോർബ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച പട്ടികയിൽ, ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ താമസിക്കുന്ന നഗരം ന്യൂയോർക്ക് ആണ്. അതിനാൽ, ന്യൂയോർക്ക് നഗരം നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന പദവി സ്വന്തമാക്കിയതിൽ അതിശയിക്കാനില്ല.