image

24 Jan 2023 4:58 AM GMT

Economy

2023-24 ല്‍ കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് റെക്കോഡിലെത്തും, 16 ലക്ഷം കോടിയാകുമെന്ന് റോയിട്ടേഴ്‌സ്

MyFin Desk

borrowing india increase 2024 rouiters report
X

Summary

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മൊത്ത വാര്‍ഷിക കടം 5.92 ലക്ഷം കോടി രൂപയായിരുന്നു. അതാണ് 2024 ല്‍ 16 ലക്ഷം എന്ന റിക്കോഡ് മറികടക്കുന്നത്.



കേന്ദ്ര സര്‍ക്കാര്‍ 2023-24 വര്‍ഷത്തില്‍ കടമെടുക്കുന്നത് റെക്കോഡ് തുകയായിരിക്കുമെന്ന് റോയിറ്റേഴ്സ്. സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ റോയിറ്റേഴ്സ് നടത്തിയ പോളിന്റെ അടിസ്ഥാനത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 16 ലക്ഷം കോടി രൂപയായിരിക്കും (198 ബില്യണ്‍ ഡോളര്‍) ഇന്ത്യ കടമെടുക്കുന്നത്. അടിസ്ഥാന സൗകര്യത്തിനായുള്ള ചെലവഴിക്കല്‍, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കായിരിക്കും ബജറ്റ് പ്രാധാന്യം നല്‍കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മൊത്ത കടബാധ്യത കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഇരട്ടിയായി. കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി പ്രതിരോധിക്കുന്നതിന് സര്‍ക്കാരിന് വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വന്നു.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിച്ചത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും സമ്പദ് വ്യവസ്ഥയെയും, ജനങ്ങളെയും പിന്തുണയ്ക്കാനാണ്. 2023 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ സര്‍ക്കാരിന്റെ അവാസന സമ്പൂര്‍ണ ബജറ്റാണ്. നികുതി വരുമാനത്തിലെ കുറവും, അടുത്ത സാമ്പത്തികവര്‍ഷത്തിലെ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ചക്കുറവും സര്‍ക്കാരിന്റെ കടമെടുപ്പ് ശേഷി കുറയ്ക്കുന്നതാണ്.

അടുത്ത സാമ്പത്തിക വര്‍ഷം മൊത്തം കടമെടുപ്പ് 16 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 വര്‍ഷത്തിലെ കടമെടുപ്പ് സംബന്ധിച്ച എസ്റ്റിമേറ്റ് തുക 14.2 ലക്ഷം കോടി രൂപയായിരുന്നുവെന്നും 43 സാമ്പത്തിക വിദഗ്ധരുടെ വിശകലനം വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മൊത്ത വാര്‍ഷിക കടം 5.92 ലക്ഷം കോടി രൂപയായിരുന്നു. അതാണ് 2024 ല്‍ 16 ലക്ഷം എന്ന റിക്കോഡ് മറികടക്കുന്നത്.

കടമെടുപ്പ് ഉയരുമ്പോള്‍ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും ഉയരുന്നതായും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിനായി വലിയ തോതില്‍ കടമെടുപ്പ് നടത്തിയിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് ഇപ്പോള്‍ തന്നെ പരിധി ലംഘിച്ചിട്ടുണ്ട്. കടബാധ്യതയുള്ള പണത്തിന്റെ തിരിച്ചടവിനെ ഉയര്‍ന്ന പലിശ നിരക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സര്‍ക്കാര്‍ ധനകമ്മി 2023-24 വര്‍ഷത്തില്‍ ജിഡിപിയുടെ ആറ് ശതമാനമാനമായി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വരുന്ന സാമ്പത്തിക വര്‍ഷം മൂലധന ചെലവ് ജിഡിപിയുടെ 2.95 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. വരുന്ന ബജറ്റിലെ മുന്തിയ പരിഗണനയുടെ കാര്യത്തില്‍ പോളില്‍ പങ്കെടുത്ത 18 പേര്‍ സാമ്പത്തിക അച്ചടക്കത്തിനും അടിസ്ഥാന വ്യവസായ നിക്ഷേപത്തിനും മുന്‍തൂക്കം നല്‍കിയപ്പോള്‍ മറ്റ് 18 പേര്‍ തൊഴിലവസരം, ആരോഗ്യം, ഗ്രാമ വികസനം എന്നിയ്ക്കാണ് മേല്‍കൈ നല്‍കിയത്. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യത വാര്‍ഷിക ജിഡിപിയുടെ 83 ശതമാനമാണ്. ഇത് പല വികസ്വര രാഷ്ട്രങ്ങളുടെ ബാധ്യതയേക്കാളും മുകളിലാണ്.