21 Feb 2023 9:52 AM GMT
Summary
- കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കർഷകരുടെ റീട്ടെയിൽ പണപ്പെരുപ്പം 5.49 ശതമാനവും, ഗ്രാമീണ തൊഴിലാളികൾക്കുള്ള പണപ്പെരുപ്പം 5.74 ശതമാനവുമായിരുന്നു.
- ആന്ധ്രാ പ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലാണ് സി പി ഐ ഏറ്റവുമധികം വർധിച്ചിട്ടുള്ളത്.
ഡെൽഹി: ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം മൂലം ജനുവരിയിൽ രാജ്യത്തെ കാർഷിക ഗ്രാമീണ തൊഴിലാളികളുടെ റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചു. കർഷക റീട്ടെയിൽ പണപ്പെരുപ്പം 6.85 ശതമാനവും, ഗ്രാമീണ തൊഴിലാളി പണപ്പെരുപ്പം 6.88 ശതമാനവുമായി. ഡിസംബർ മാസത്തിൽ ഇത് യഥാക്രമം 6.38 ശതമാനവും, 6.60 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കർഷക റീട്ടെയിൽ പണപ്പെരുപ്പം 5.49 ശതമാനവും, ഗ്രാമീണ തൊഴിലാളി പണപ്പെരുപ്പം 5.74 ശതമാനവുമായിരുന്നു.
ഭക്ഷ്യ വിലക്കയറ്റം ഡിസംബറിൽ ഉണ്ടായിരുന്ന 5.89 ശതമാനം, 5.76 ശതമാനം എന്നിവയിൽ നിന്ന് 6.61 ശതമാനവും 6.47 ശതമാനവുമായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് യഥാക്രമം 4.15 ശതമാനവും, 4.33 ശതമാനവുമായിരുന്നു.
ജനുവരിയിൽ കാർഷിക തൊഴിലാളികൾക്കുള്ള സിപിഐ 3 പോയിന്റ് ഉയർന്ന് 1,170 പോയിന്റ് ആയപ്പോൾ ഗ്രാമീണ തൊഴിലാളികൾക്കുള്ള സിപിഐ 2 പോയിന്റ് വർധിച്ച് 1,181 പോയിന്റായി.
ആന്ധ്രാ പ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലാണ് സി പി ഐ ഏറ്റവുമധികം വർധിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ഗ്രാമീണ തൊഴിലാളികളുടെ സിപിഐ ഏറ്റവുമധികം വർധന റിപ്പോർട്ട് ചെയ്തിട്ടുള്ളത് തമിഴ്നാട്ടിലാണ്. ഗോതമ്പ്, ജോവർ, ഉള്ളി, പച്ചക്കറികൾ, പഴങ്ങൾ, എന്നിവയിലെ വിലക്കയറ്റമാണ് ഇതിനു കാരണം.
സിപിഐ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം ആസ്സമാണ്. പ്രധാന കാരണം അരി, മത്സ്യം, പച്ച മുളക്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ്.
കർഷകത്തൊഴിലാളികളുടെ കാര്യത്തിൽ, 14 സംസ്ഥാനങ്ങളിൽ 2 മുതൽ 6 പോയിന്റ് വർധനവും 6 സംസ്ഥാനങ്ങളിൽ 1 മുതൽ 12 പോയിന്റ് വരെ കുറവും രേഖപ്പെടുത്തി. ഇതിൽ 1,356 പോയിന്റുമായി തമിഴ്‌നാട്, പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ 914 പോയിന്റുമായി ഹിമാചൽ പ്രദേശ് അവസാന സ്ഥാനത്താണ്.
ഗ്രാമീണ തൊഴിലാളികളുടെ കാര്യത്തിൽ, 13 സംസ്ഥാനങ്ങളിൽ 1 മുതൽ 7 പോയിന്റ് വർധനവും 7 സംസ്ഥാനങ്ങളിൽ 1 മുതൽ 12 പോയിന്റ് വരെ കുറവും രേഖപ്പെടുത്തി. സൂചികയിൽ 1,345 പോയിന്റുമായി തമിഴ്‌നാട് ഒന്നാം സ്ഥാനത്തും 960 പോയിന്റുമായി ഹിമാചൽ പ്രദേശ് ഏറ്റവും പിന്നിലുമാണ്.