image

14 Nov 2022 12:39 PM GMT

Economy

സമ്മര്‍ദ്ദം കുറയുന്നു, ഒക്ടോബറിലെ പണപ്പെരുപ്പം 6.77% ആയി താഴ്ന്നു

MyFin Desk

സമ്മര്‍ദ്ദം കുറയുന്നു, ഒക്ടോബറിലെ പണപ്പെരുപ്പം 6.77% ആയി താഴ്ന്നു
X

Summary

തിങ്കളാഴ്ച്ച പുറത്ത് വിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അനുസരിച്ച് റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) ഒക്ടോബറില്‍ 6.77 ശതമാനത്തിലേക്ക് താഴ്ന്നു.


ഡെല്‍ഹി: ആഗോളതലത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥകളും പണപ്പെരുപ്പ സമ്മര്‍ദ്ദത്തില്‍ തുടരുമ്പോള്‍ ആശ്വാസമായി ഒക്ടോബറില്‍ രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച പുറത്ത് വിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അനുസരിച്ച് റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) ഒക്ടോബറില്‍ 6.77 ശതമാനത്തിലേക്ക് താഴ്ന്നു. സെപ്റ്റംബറില്‍ ഇത് 7.41 ശതമാനമായിരുന്നു. ആശ്വാസത്തിന് വകയുണ്ടെങ്കിലും പണപ്പെരുപ്പം ഏറെക്കാലയമായി ആര്‍ബിഐയുടെ സഹനപരിധിയ്ക്ക് മുകളിലാണ്.

തുടര്‍ച്ചയായി 10-ാം തവണയാണ് റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2026 ല്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ കുറഞ്ഞ സഹന പരിധി രണ്ടും കൂടിയ പരിധി ആറും ശതമാനമാണ്.

ഭക്ഷ്യ പണപ്പെരുപ്പമാണ് സിപിഐയുടെ പകുതിയോളം വരുന്നത്. ഇത് സെപ്റ്റംബറിലെ 8.60 ശതമാനത്തില്‍ നിന്നും 7.01 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വ്യാവസായിക ഉത്പാദന സൂചിക സെപ്റ്റംബറില്‍ 3.1 ശതമാനം ഉയര്‍ന്നിരുന്നു. ഇതോടൊപ്പം മൊത്തവിലയും കുറഞ്ഞിട്ടുണ്ട്. രാവിലെ പുറത്തു വന്ന മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 8.39 ശതമാനമായിരുന്നു.

ഇത് 2021 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് ഇതിനു കാരണം. പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ ആര്‍ബിഐ റിപ്പോ നിരക്ക് മേയ് മാസം മുതല്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ 5.90 ശതമാനമാണ്.