30 Jan 2024 12:01 PM
Summary
- സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് പൂര്‍ണമായും കരകയറാനാകാതെ ചൈന
- ഓഹരിവിപണിയിലെ താഴ്ചകളും ആശങ്ക ഉയര്‍ത്തുന്നു
ചൈന നേരിടുന്നത് ദശാബ്ദങ്ങളിലെ കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് റിപ്പോര്‍ട്ട്. ഭവന നിര്‍മ്മാണ മേഖല തകര്‍ച്ചയുടെ മൂന്നാം വര്‍ഷത്തിലാണ്. ഓഹരിവിപണിയും കൂടുതല്‍ താഴ്ചകള്‍ അവിടെ പരീക്ഷിക്കുന്നു. ഇതിലുപരി തൊഴിലില്ലായ്മയില്‍ നേരിയ കുറവുണ്ടെങ്കിലും ആശങ്കാജനകമായ നിലയില്‍തന്നെ തുടരുകയാണ്.
കഴിഞ്ഞ ജൂണില്‍ ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് ഇരുപത് ശതമാനമായിരുന്നു. ഡിസംബര്‍ ആയപ്പോഴേക്കും അത് പതിനാല് ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് ആശാവഹമായ നിലയിലെത്തി എന്ന് പറയാനാവില്ല. കാരണം മറ്റെല്ലാ മേഖലകളിലും സമ്പദ് വ്യവസ്ഥ തകര്‍ന്നു കിടക്കുകയാണ്.
പതിനാറുമുതല്‍ ഇരുപത്തിനാലു വരെ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2020 മുതല്‍ ക്രമാനുഗതമായി ഉയര്‍ന്നുവന്നു. കഴിഞ്ഞ ജൂണില്‍ ഇത് ഇരുത്തയൊന്ന് ശതമാനം കടന്നു. തൊഴിലില്ലായ്മയുടെ വര്‍ധനവ് കാരണം കഴിഞ്ഞ വര്‍ഷം ആറ് മാസത്തേക്ക് ബെയ്ജിംഗ് ഈ രംഗത്തെ കണക്കെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇത് അധികൃതര്‍ക്ക് സമ്പദ് വ്യവ്‌സഥയിലുണ്ടായ ആശങ്കക്ക് ഉദാഹരണമാണ്. സമ്പദ്വ്യവസ്ഥ, നിക്ഷേപ അന്തരീക്ഷം, തൊഴില്‍ വിപണി എന്നിവയുടെ യഥാര്‍ത്ഥ അവസ്ഥ അളക്കാന്‍ നിക്ഷേപകര്‍ സൂക്ഷ്മമായി ചൈനയിലെ ഡാറ്റകള്‍ നിരീക്ഷിച്ചിരുന്നു. ഏതെങ്കിലും വിവരങ്ങള്‍ ലഭ്യമാകാതെ വരുമ്പോള്‍ വ്യവസായികള്‍ അവിടെ നിക്ഷേപം നടത്തുന്നതില്‍നിന്ന് പിന്മാറും. ചൈന പ്ലസ് വണ്‍ പോളിസി മിക്ക രാജ്യസ്വീകരിച്ചതില്‍ ഒരു കാരണം ഇതാണ്. നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയാണ് ബെയ്ജിംഗിന്റെ താളം തെറ്റിച്ചത്. അതില്‍നിന്നും കരകയറാന്‍ നിരവധി നടപടികളും പാക്കേജുകളും പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.