image

18 Nov 2024 3:05 AM GMT

Economy

ഒക്ടോബറില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി

MyFin Desk

indias smartphone exports set record in october
X

Summary

  • ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി രണ്ട് ബില്യണ്‍ ഡോളര്‍ കടന്നു
  • ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണിത്
  • കയറ്റുമതിയെ നയിക്കുന്നത് ഐഫോണ്‍ എന്ന് കണക്കുകള്‍


ഒക്ടോബറില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ച് ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി. രണ്ട് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഇന്ത്യ നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണിതെന്ന് ആഗോള മൊബൈല്‍ ഉപകരണ നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന വ്യവസായ സ്ഥാപനമായ ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു. ആഗോള മൊബൈല്‍ വിതരണ ശൃംഖലയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഇതിനകം 10.6 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 7.8 ബില്യണില്‍ നിന്ന് പ്രതിവര്‍ഷം 37 ശതമാനം വര്‍ധനവ്. ഒക്ടോബറിലെ പ്രകടനം, പ്രധാനമായും ആപ്പിളിന്റെ ഐഫോണിനാലാണ് നയിക്കപ്പെടുന്നത്.

2024 മെയ് മാസത്തിലെ 1.78 ബില്യണ്‍ ഡോളറിന്റെ മുന്‍നിരയില്‍ നിന്ന് 23 ശതമാനം കുതിച്ചുചാട്ടവും 2023 ഒക്ടോബറിലെ കയറ്റുമതിയിലെ 1.2 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 70 ശതമാനം വര്‍ധനവും ഉണ്ടായി.

കയറ്റുമതി പാത 2024-2025 ല്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. സാമ്പത്തിക വര്‍ഷം 2024ലെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 15 ബില്യണ്‍ ഡോളറിലെത്തി, ഇതില്‍ ആപ്പിളും അതിന്റെ വിതരണക്കാരും 10 ബില്യണ്‍ ഡോളറിലധികം വരും.

നിലവിലെ പ്രവണതകള്‍ നിലനില്‍ക്കുകയാണെങ്കില്‍, 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കയറ്റുമതി 18 ബില്യണ്‍ ഡോളറിനും 20 ബില്യണ്‍ ഡോളറിനും ഇടയിലാകുമെന്ന് ഐസിഇഎ പ്രതീക്ഷിക്കുന്നു. മൂല്യമനുസരിച്ച് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തിന്റെ 35 ശതമാനവും ഈ കാലയളവില്‍ കയറ്റുമതി ചെയ്യപ്പെടുമെന്ന് അസോസിയേഷന്‍ പ്രവചിക്കുന്നത് ശ്രദ്ധേയമാണ്.

കയറ്റുമതിയില്‍ ആപ്പിളിന്റെ ആധിപത്യം വ്യക്തമാണ്. സാമ്പത്തിക വര്‍ഷം 2025ന്റെ ആദ്യ ഏഴ് മാസങ്ങളിലെ മൊത്തം കയറ്റുമതി മൂല്യത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഐഫോണ്‍ കയറ്റുമതിയാണ്. പധാന വിതരണക്കാര്‍ - ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് (മുമ്പ് വിസ്ട്രോണ്‍) എന്നിവരാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍, ആപ്പിള്‍ പ്രതിമാസം ശരാശരി 1 ബില്യണ്‍ ഡോളര്‍ ഐഫോണ്‍ കയറ്റുമതി ചെയ്തു.

വ്യവസായ എസ്റ്റിമേറ്റുകളും സര്‍ക്കാരുമായി പങ്കിട്ട ഡാറ്റയും അനുസരിച്ച്, 10.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ മൂന്നിലൊന്ന് സംഭാവന ചെയ്തത് ഫോക്സ്‌കോണാണ്. അതേസമയം ടാറ്റ ഇലക്ട്രോണിക്സ് ഏകദേശം 20 ശതമാനമാണ്. മറ്റൊരു പ്രധാന കമ്പനിയായ പെഗാട്രോണ്‍ കയറ്റുമതി മൂല്യത്തിന്റെ 8 ശതമാനം പ്രതിനിധീകരിക്കുന്നു.

ഫോക്സ്‌കോണിന്റെ കയറ്റുമതി വര്‍ഷം തോറും 33 ശതമാനം ഉയര്‍ന്നു. അതേസമയം ടാറ്റ ഇലക്ട്രോണിക്സ് 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

മൊത്തം കയറ്റുമതിയുടെ 22 ശതമാനവും സാംസംഗ് സംഭാവന ചെയ്തതായി കണക്കാക്കപ്പെടുന്നു.