6 Dec 2024 10:49 AM GMT
Summary
- പണപ്പെരുപ്പം മൂന്നാം പാദത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
- ഭക്ഷ്യവസ്തുക്കളുടെ വിലയിലും അപ്രതീക്ഷിത വര്‍ധനവ്
പണപ്പെരുപ്പം പ്രധാന ആശങ്കയായി തുടരുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വില സ്ഥിരത ഉറപ്പാക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് ആര്‍ബിഐയുടെ ശ്രമമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പം 4.8 ശതമാനമാണെന്നാണ് പ്രവചനം. അതേസമയം ഇത് മൂന്നാം പാദത്തില്‍ 5.7 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം നാലാം പാദത്തില്‍ ല്‍ 4.5 ശതമാനമായി കുറയും.
2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ പണപ്പെരുപ്പം 4.6 ശതമാനമാകുമെന്ന് കരുതുന്നു. അതിനുശേഷം പണപ്പെരുപ്പം കുറയാനാണ് സാധ്യത.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഭക്ഷ്യവിലപ്പെരുപ്പ സമ്മര്‍ദ്ദം നിലനില്‍ക്കുമെങ്കിലും, മികച്ച ഖാരിഫ് വിളവെടുപ്പ്, ശക്തമായ റാബി സീസണ്‍, മതിയായ ധാന്യ ബഫര്‍ സ്റ്റോക്കുകള്‍ എന്നിവ കാരണം പണപ്പെരുപ്പം കുറയുമെന്ന് ദാസ് അഭിപ്രായപ്പെട്ടു.
ഉപഭോക്താക്കള്‍ക്കുള്ള ഉയര്‍ന്ന പണപ്പെരുപ്പം, അവരുടെ ഡിസ്പോസിബിള്‍ വരുമാനം കുറയ്ക്കുകയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു എന്ന് ദാസ് പറഞ്ഞു. അടിക്കടിയുള്ള കാലാവസ്ഥാ തടസ്സങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കം, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം തുടങ്ങിയ ഘടകങ്ങള്‍ പണപ്പെരുപ്പത്തിന് കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ധനവില തുടര്‍ച്ചയായ പണപ്പെരുപ്പം കാണിക്കുമ്പോഴും ഒക്ടോബറില്‍ പ്രധാന പണപ്പെരുപ്പം ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലും അപ്രതീക്ഷിതമായ വര്‍ധനവുണ്ടായി.