19 Jun 2023 1:15 PM GMT
Summary
- എന്താണ് സീഗ്‌നറേജ് എന്നറിയാം
- നോട്ട് വാങ്ങി 100 രൂപയുടെ മുഖവില പൂര്‍ണമായും ആര്‍ബിഐയുടെ ട്രഷറിയിലേക്ക് അടക്കണം
- ലാഭത്തിനല്ലാത്തതിനാൽ ആദായനികുതി ഉണ്ടാവില്ല
ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.20 ലക്ഷം കോടി രൂപയായിരുന്നു ആര്‍ബിഐയുടെ ലാഭം. എങ്ങനെയാണ് ആര്‍.ബി.ഐ ലാഭമുണ്ടാക്കുന്നത്. ഉത്തരം ലളിതമാണ്. സീഗ്‌നറേജ് എന്ന പ്രക്രിയയിലൂടെയാണത്. എന്താണ് സീഗ്‌നറേജ്?
സീഗ്‌നറേജ്
കറന്‍സി നോട്ടുകള്‍ അച്ചടിച്ചാണ് ആര്‍ബിഐ ലാഭമുണ്ടാക്കുന്നത്. ഒരു 100 രൂപ നോട്ട് ആര്‍ബിഐ അച്ചടിച്ച് ഒരു ബാങ്കിന് കൈമാറുമ്പോള്‍ ബാങ്കിന് അത് സൗജന്യമായല്ല ലഭിക്കുന്നത്. നോട്ട് വാങ്ങി 100 രൂപയുടെ മുഖവില പൂര്‍ണമായും ആര്‍ബിഐയുടെ ട്രഷറിയിലേക്ക് അടക്കണം.
ഒരു നോട്ട് അച്ചടിക്കാനുള്ള ചെലവ് കേവലം രണ്ടു രൂപയാണ്. അഥവാ ഈ നോട്ടിന് ആര്‍ബിഐക്ക് വരുന്ന ചെലവ് രണ്ടു രൂപ മാത്രമാണ്. എന്നാല്‍ ഇത് ഒരു ബാങ്കിനു നല്‍കുമ്പോള്‍ 100 രൂപ ലഭിക്കുന്നു. ഇവിടെ 98 രൂപ ആര്‍ബിഐയുടെ ലാഭമാണ്. ഈ ലാഭത്തെയാണ് സീഗ്‌നറേജ് എന്നു പറയുന്നത്.
ഈ പണം ബാങ്കുകള്‍ക്ക് അവയുടെ ദൈനംദിന പ്രവര്‍ത്തനത്തിനായി കടമായി നല്‍കുകയാണ് ആര്‍ബിഐ ചെയ്യുന്നത്. ഇതിനു പലിശയും ലഭിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് പണം ആവശ്യമായി വരുമ്പോള്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നു. ആ സമയം ബോണ്ടുകള്‍ വാങ്ങി സര്‍ക്കാരിന് പണം നല്‍കുന്ന ആര്‍ബിഐ അതിനും പലിശ ഈടാക്കുന്നു.
വരുമാനം 2.35 ലക്ഷം കോടി രൂപ
യുഎസ് ഗവണ്‍മെന്റ് ബോണ്ടുകള്‍ പോലെ വിദേശ ആസ്തികളും ഡോളറുകളും ആര്‍ബിഐ വാങ്ങുന്നു. ഈ ഡോളറുകളുടെ മൂല്യം ഉയരുമ്പോള്‍ വിറ്റ് പണമാക്കുന്നു. ഇങ്ങനെ മൂല്യം കുറഞ്ഞ സമയത്ത് ഡോളര്‍ വാങ്ങി ഉയര്‍ന്ന സമയത്ത് വിറ്റ് കഴിഞ്ഞ വര്‍ഷം ആര്‍ബിഐ നേടിയത് ഒരുലക്ഷം കോടി രൂപയാണ്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.35 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്കിന്റെ സമ്പാദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 47% കൂടുതല്‍!
ആര്‍.ബി.ഐക്ക് കൂടുതല്‍ ചെലവുകളില്ലാത്തതിനാല്‍ കിട്ടിയ പണം അത് കൈവശംവയ്ക്കുന്നു. കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള ചെലവാണ് കാര്യമായുള്ളത്. ഇതു കൂടാതെ മറ്റു ബാങ്കുകള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും പ്രതിഫലം വാങ്ങുന്നു. ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും മറ്റുമായി ആര്‍ബിഐക്ക് 15,000 കോടി രൂപയോളം ചെലവും വരുന്നുണ്ട്. അതേസമയം ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ലാത്തതിനാല്‍ ആര്‍ബിഐ ആദായ നികുതി ഒടുക്കേണ്ടതില്ല. വിദേശ നിക്ഷേപം, സ്വര്‍ണം, വായ്പകള്‍, അഡ്വാന്‍സുകള്‍ എന്നിവയില്‍ യഥാക്രമം 2.31%, 15.30%, 38.33% വര്‍ധനവുണ്ടായതാണ് ആര്‍.ബി.ഐയുടെ ആസ്തി വര്‍ധനവിന് കാരണം. മിച്ചമുള്ള തുക അത് എന്തു ചെയ്യുന്നു?
കണ്ടിജന്‍സി ഫണ്ട്
റിസര്‍വ് ബാങ്ക് വിവേകത്തോടെയാണ് പണം കൈകാര്യംചെയ്യുന്നത്. അതിനാല്‍ ലാഭ തുക കണ്ടിജന്‍സി ഫണ്ടിലേക്ക് മാറ്റുന്നു. സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ ബാങ്കിംഗ് മേഖലയെ സംരക്ഷിക്കാന്‍ ഈ പണം സഹായിക്കും. ഈവര്‍ഷം 1.30 ലക്ഷം കോടി രൂപയാണ് ആര്‍ബിഐ ഇങ്ങനെ സുരക്ഷിത പണമായി സൂക്ഷിക്കുന്നത്.
ലാഭ വിഹിതം സര്‍ക്കാരിന്
87,000 കോടി രൂപയാണ് 2023 വര്‍ഷത്തെ ആര്‍ബിഐയുടെ അറ്റ വരുമാനം. ഈ തുക അത് ലാഭവിഹിതമായി സര്‍ക്കാരിനു നല്‍കുകയാണ് ചെയ്യുന്നത്. തുക കൈമാറാന്‍ ആര്‍ബിഐ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. കണ്ടിന്‍ജന്‍സി റിസ്‌ക് ബഫര്‍ നേരത്തെയുള്ള 5.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ത്താനും സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു.
2021 സാമ്പത്തിക വര്‍ഷത്തില്‍ മിച്ചം 99,122 കോടി രൂപയായിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 57,127.53 കോടിയും 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,75,987.73 കോടി രൂപയും ആയിരുന്നു.
ഗവണ്‍മെന്റ് എപ്പോഴും വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നു. അതിന് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുകയും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് സബ്‌സിഡികള്‍ നല്‍കുകയും സൈന്യത്തെ ശക്തിപ്പെടുത്തുകയും വേണം. അതിനാല്‍ ഏത് ബോണസ് പണവും ആശ്വാസമേകും. ആര്‍ബിഐ സാങ്കേതികമായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതായതിനാല്‍ ലാഭത്തിന്റെ ഒരു വിഹിതവും സര്‍ക്കാരിന് ലഭിക്കുന്നു.
വെല്ലുവിളികള്‍
പണപ്പെരുപ്പം നിയന്ത്രിക്കുകയും അത് നിയന്ത്രണത്തിലാക്കുകയും ചെയ്യുകയെന്നത് ആര്‍ബിഐയുടെ ലക്ഷ്യമാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കേണ്ടതുമുണ്ട്. കൂടാതെ രൂപയുടെ മൂല്യത്തില്‍ ജനങ്ങള്‍ വിശ്വാസം നല്‍കേണ്ടതും ആവശ്യമാണ്. ലളിതമായി പറഞ്ഞാല്‍, സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. അതിനാല്‍ സാങ്കേതികമായി ആര്‍ബിഐക്ക് കഴിയുന്നത്ര പണം അച്ചടിക്കാന്‍ കഴിയുമെങ്കിലും അങ്ങനെ ചെയ്യില്ല. കാരണം അത് ആര്‍.ബി.ഐയുടെ ആത്യന്തിക ലക്ഷ്യമായ വിലസ്ഥിരതയെ തടസപ്പെടുത്തും.