image

17 Aug 2023 11:49 AM IST

Economy

ബാങ്കുകളുടെ അധിക സിആര്‍ആര്‍ റിസര്‍വ് ബാങ്ക് നീട്ടിയേക്കും

MyFin Desk

CRR Timekine
X

ഓഗസ്റ്റ് 10 മുതലുള്ള കാലയളവില്‍ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയ താൽക്കാലിക ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ (ഐസിആർആർ) നീട്ടുന്നതിന് റിസര്‍വ് ബാങ്ക് തീരുമാനമെടുത്തേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ജൂലൈയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് ഇത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി പലിശ നിരക്ക് ഉയര്‍ത്തുന്നതിന് കേന്ദ്രബാങ്ക് തല്‍ക്കാലം തയാറാകാനിടയില്ല. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പലിശ നിരക്കുകള്‍ ഉയരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഐസിആർആർ നീട്ടുന്നതിന് ആര്‍ബിഐ തയാറെടുക്കുന്നത്.

“സമീപകാലത്ത്, പണലഭ്യത ന്യൂട്രലായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കാൻ ആർബിഐ ലിക്വിഡിറ്റി മാനേജ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇൻക്രിമെന്റൽ സിആർആർ സെപ്തംബർ 8-ന് അവലോകനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് തുടരാന്‍ ആര്‍ബിഐ തീരുമാനിക്കുന്നതിന് വലിയ സാധ്യതയുണ്ട്,” മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരായ ഉപാസന ചച്ചയും ബാനി ഗംഭീറും അഭിപ്രായപ്പെടുന്നു.

2000 രൂപ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയതും വിദേശ നിക്ഷേപവും കാരണം കഴിഞ്ഞ രണ്ട് മാസങ്ങളായി ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണലഭ്യത കുത്തനെ ഉയർന്നു. ഇത് വിപണിയിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടാതിരിക്കാനായിട്ടാണ് അധിക സിആർആർ പ്രഖ്യാപിച്ചത്. കഴിഞ്ഞ വാരത്തില്‍ ചേര്‍ന്ന് ധനനയ സമിതി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുന്ന ഈ തീരുമാനം ബാങ്കിംഗ് ഓഹരികളുടെ ഇടിവിലേക്കും നയിച്ചിരുന്നു.

മേയ്-ജൂലൈ കാലയളവിലെ അധിക നിക്ഷേപങ്ങളുടെ 10 ശതമാനമാണ് ഇപ്പൊള്‍ പ്രഖ്യാപിച്ചിട്ടുള്ള അധിക സിആർആർ. ഇത്രയും പണം ബാങ്കുകൾക്കു വായ്പ നൽകാവുന്ന തുകയിൽ നിന്നു കുറയും.

ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) പണപ്പെരുപ്പം മുൻ മാസത്തെ 4.87 ശതമാനത്തില്‍ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നു. ഇതില്‍ പ്രാഥമികമായി പങ്കുവഹിച്ചത് ഉയര്‍ന്ന ഭക്ഷ്യ വിലയാണ്. റിസര്‍വ് ബാങ്കിന്‍റെ സിപിഐ പണപ്പെരുപ്പ ലക്ഷ്യം 4 ശതമാനവും സഹന പരിധി 2-6 ശതമാനവും ആണ്.