26 March 2023 7:06 AM GMT
Summary
അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റിന്റെ അവസാന ദിവസം മാര്‍ച്ച് 15 ആയിരുന്നു. മാര്‍ച്ച് 20 ന് മുമ്പുള്ള ജിഎസ്ടി ബാധ്യതയും ബാങ്കുകളുടെ ലിക്വിഡിറ്റി സാഹചര്യത്തെ ബാധിച്ചിരുന്നു.
ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി കമ്മി പരിഹരിക്കാന്‍ കേന്ദ്ര ബാങ്ക് എട്ട് ദിവസം കൊണ്ട് ഒഴുക്കിയത് 7.89 ലക്ഷം കോടി രൂപ. മാര്‍ച്ച് 15 മൂതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും തുക വിപണിയിലേക്കൊഴുക്കിയത്. അഡ്വാന്‍സ് ടാക്‌സ് കാലാവധിയായതിനാലാണ് ഇത്ര ലിക്വഡിറ്റി പ്രശ്‌നം നേരിട്ടത്.
അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റിന്റെ അവസാന ദിവസം മാര്‍ച്ച് 15 ആയിരുന്നു. മാര്‍ച്ച് 20 ന് മുമ്പുള്ള ജിഎസ്ടി ബാധ്യതയും ബാങ്കുകളുടെ ലിക്വിഡിറ്റി സാഹചര്യത്തെ ബാധിച്ചിരുന്നു. മാര്‍ച്ച് 17 നാണ് ഒറ്റ ദിവസത്തെ വലിയ പണമൊഴുക്ക് കേന്ദ്ര ബാങ്ക് നടത്തിയത്. 1.24 ലക്ഷം കോടി രൂപയാണ് അന്ന് ബാങ്കുകള്‍ക്ക് നല്‍കിയത്. അഡ്വാന്‍സ് ടാക്‌സ് ബാധ്യതയ്ക്ക് പുറമേ വായ്പകള്‍ കൂടി നില്‍ക്കുന്ന അവസ്ഥയും ബാങ്കുകളുടെ ലിക്വഡിറ്റിയെ ബാധിക്കുന്നുണ്ട്.
മാര്‍ച്ച് 10 ലെ കണക്കനുസരിച്ച് വായ്പ വര്‍ധിച്ചത് 15.7 ശതമാനവും എന്നാല്‍ നിക്ഷേപ വര്‍ധന 10.3 ശതമാനവുമാണ്. ഈ വിടവ് ബാങ്കുകള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പലിശ കൂട്ടി നിക്ഷേപം ആകര്‍ഷിച്ച് ഇതിനെ മറികടക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും റിപ്പോ നിരക്ക് കൂടി നില്‍ക്കുന്നതിനാല്‍ ബാങ്കുകള്‍ക്കും പരിമിതിയുണ്ട്. അതിലപ്പുറമായാല്‍ അത് നഷ്ടക്കച്ചവടത്തിലേക്കും പ്രതിസന്ധിയിലേക്കും പോകാം.