image

22 Dec 2023 9:31 AM GMT

Economy

ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും 40.39 കോടി പിഴ ചുമത്തി ആര്‍ബിഐ

MyFin Desk

ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും 40.39 കോടി പിഴ ചുമത്തി ആര്‍ബിഐ
X

Summary

  • സഹകരണ ബാങ്കുകളില്‍ നിന്ന് 14.04 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കി
  • സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് 12.17 കോടി രൂപ പിഴ
  • എന്‍ബിഎഫ്‌സികള്‍ക്ക് 4.39 കോടി രൂപ


2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 40.39 കോടി രൂപ പിഴ ചുമത്തിയതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 176 കേസുകളിലായി സഹകരണ ബാങ്കുകളില്‍ നിന്ന് 14.04 കോടി രൂപ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഇനത്തില്‍ ഈടാക്കി. അതോടൊപ്പം സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് 12.17 കോടി രൂപ പിഴ ചുമത്തിയപ്പോള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 3.65 കോടി രൂപയും വിദേശ ബാങ്കുകള്‍ക്ക് 4.65 കോടി രൂപയും, എന്‍ബിഎഫ്‌സികള്‍ക്ക് 4.39 കോടി രൂപയും, ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് 0.97 കോടി രൂപയും, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് 0.42 കോടി രൂപയും, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് 0.10 കോടിയും ആര്‍ബിഐ പിഴ ചുമത്തിയതായി മന്ത്രി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ആര്‍ബിഐയുടെ സാമ്പത്തിക മേല്‍നോട്ടത്തിനായുള്ള ബോര്‍ഡ് അംഗീകരിച്ച നയവും ചട്ടവും അനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പണ പിഴ ചുമത്തുന്ന നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാണെന്ന് ആര്‍ബിഐ അറിയിച്ചതായും കൂടാതെ ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എച്ച്എഫ്‌സികള്‍ എന്നിവ സ്വീകരിക്കേണ്ട ഫെയര്‍ പ്രാക്ടീസ് കോഡിനെക്കുറിച്ച് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായും മന്ത്രി സഭയെ അറിയിച്ചു.