5 Feb 2025 10:26 AM GMT
Summary
- പണലഭ്യതാ കമ്മി 2.2 ട്രില്യണ്‍ രൂപയില്‍ നിന്ന് 660.4 ബില്യണ്‍ ആയി കുറഞ്ഞു
- ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ലേലം, ഡോളറിന്റെ സ്വാപ് ലേലം തുടങ്ങിയവ വഴി തുക സമാഹരിച്ചു
രാജ്യത്തെ പണലഭ്യത കുറവ് പരിഹരിച്ച് ആര്‍ബിഐ. ഇതോടെ പണലഭ്യതാ കമ്മി 2.2 ട്രില്യണ്‍ രൂപയില്‍ നിന്ന് 660.4 ബില്യണ്‍ രൂപയായി കുറഞ്ഞു.
രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതില്‍ ആദ്യഘട്ടത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുണ്ടായത്.
ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ലേലം നടത്തി. ഇതിലൂടെ 60,000 കോടി രൂപ എത്തിച്ചു.ജനുവരി 31 ന് നടന്ന ഡോളറിന്റെ സ്വാപ് ലേലത്തിലൂടെ 500 കോടിയും എത്തി. രണ്ടാം ഘട്ടത്തില്‍ 56 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലം ഫെബ്രുവരി 7 ന് നടക്കും. 50,000 കോടിയുടെ വിജ്ഞാപനമാണ് നടത്തുന്നത്. ഈ മാസം 13, 20 തീയതികളില്‍ നടക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലത്തിലൂടെ 60,000 കോടി രൂപയും സമാഹരിക്കും. ഇതോടെ പണലഭ്യത കമ്മി വീണ്ടും കുറയും.
മാസത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ചെലവുകളില്‍ ഉണ്ടായ വര്‍ധനവ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പണക്ഷാമം കുറയ്ക്കാന്‍ സഹായിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു.അതേസമയം, ബാങ്കുകളിലെ പണ ലഭ്യതയും വിപണി സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ ഉചിതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.