26 March 2023 4:51 AM GMT
Summary
ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകളുടെ നികുതി നേട്ടങ്ങള്‍ കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു.
ആഗോള ബാങ്കിംഗ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോട് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആഗോളതലത്തിലെ സംഭവ വികാസങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്നും അതിനെ തുടര്‍ന്നുണ്ടാകുന്ന ആഘാതങ്ങള്‍ക്ക് സ്വയം പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും പിഎസ്ബി തലവന്‍മാരുടെ യോഗത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
ആഗോള ബാങ്കിംഗ് പ്രതിസന്ധി തുടരുമ്പോള്‍ അമേരിക്കയില്‍ രണ്ട് ഇടത്തരം ബാങ്കുകള്‍ പൂട്ടുകയും അതിലേറെ ബാങ്കുകള്‍ സമര്‍ദത്തിലാകുകയും ചെയ്തു. തുടര്‍ന്ന് സ്വിസ് ബാങ്കിംഗ് ഭീമന്‍ ക്രെഡിറ്റ് സ്യൂസും പ്രതിസന്ധിയിലായി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പ്രതിസന്ധി പടരുകയാണ്. സിലിക്കണ്‍ വാലി ബാങ്കും സിഗ്നേച്ചര്‍ ബാങ്കുമാണ് അമേരിക്കയില്‍ പൂട്ടി പോയത്. കൂടുതല്‍ നിക്ഷേപം സമാഹരിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകളുടെ നികുതി നേട്ടങ്ങള്‍ കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു. ഈ സാഹചര്യം അനുകൂലമാക്കി മാറ്റി നിക്ഷേപം സമാഹരിക്കാനാണ് ധനമന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചത്. ദീര്‍ഘകാല മൂലധന നേട്ട നികുതിയോടൊപ്പം പണപ്പെരുപ്പതോത് തട്ടികിഴിക്കുന്ന രീതിയാണ് ഫിന്‍ന്‍സ് ബില്ലില്‍ ഭേദഗതി വരുത്തി മാറ്റിയത്.
ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനയുമായി മുന്നോട്ട് പോകുകയാണ്. ഇതാണ് ബാങ്കുകള്‍ക്ക് പ്രതിസന്ധിയാകുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. അതേസമയം പലിശ ഉയരുമ്പോഴും വായ്പയ്ക്ക് കുറവില്ല എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 15.7 ശതമാനമാണ് വായ്പാ വര്‍ധന. എന്നാല്‍ നിക്ഷേപം അതിനനുസരിച്ച് വളരുന്നില്ല എന്നുള്ളത് ആശങ്കയായി തുടരുന്നു. നിക്ഷേപ വളര്‍ച്ച 10.3 ശതമാനമാണ്. നിക്ഷേപ പലിശ വര്‍ധിപ്പിച്ച് ഈ അന്തരം പരിഹരിക്കേണ്ടി വരും. അല്ലെങ്കില്‍ അത് ലിക്വിഡിറ്റിയെ ബാധിച്ചേക്കാം.