Summary
- വ്യോമയാന മേഖലയുടെ നിക്ഷേപത്തില്‍ കുതിച്ചുചാട്ടം
- നിക്ഷേപം 2018-19 സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തിന് തുല്യമായി
- പ്രഖ്യാപനങ്ങളില്‍ 74 ശതമാനവും ഗതാഗതമേഖലയില്‍
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സ്വകാര്യമേഖലയുടെ നിക്ഷേപം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇത് പ്രധാനമായും ഗതാഗതമേഖലയെ, പ്രത്യേകിച്ച് വ്യോമയാന മേഖലയെ കേന്ദ്രീകരിച്ചതായിരുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡയുടെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. പുതിയ വിമാനങ്ങള്‍ക്കായുള്ള രാജ്യത്തിന്റെ എല്ലാ ഓര്‍ഡറുകളും വിദേശത്തുള്ള വിദേശ കമ്പനികളിലേക്ക് പോകുന്നതിനാല്‍ ഈ പാദത്തിലെ സ്വകാര്യ നിക്ഷേപത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് പുതിയ ബിസിനസ് സൃഷ്ടിക്കുന്നതിലേക്ക് നയിച്ചില്ല. ഇന്ത്യയിലെ ഈ ഉയര്‍ന്ന സ്വകാര്യ നിക്ഷേപത്തില്‍ നിന്നുള്ള യഥാര്‍ത്ഥ ഉത്തേജനം വിദേശ കമ്പനികളിലേക്ക് പോകും എന്ന് ചുരുക്കം.
ധനമന്ത്രാലയം പുറത്തിറക്കിയ സ്വകാര്യമേഖലയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോര്‍ട്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി വളര്‍ന്നതായി കണ്ടെത്തി. ജൂണ്‍ 4 ന് പുറത്തിറക്കിയ ബാങ്ക് ഓഫ് ബറോഡ ഗവേഷണ റിപ്പോര്‍ട്ട്, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ 2023 ഏപ്രില്‍-ജൂണ്‍ കാലയളവിലെ പുതിയ പദ്ധതി പ്രഖ്യാപനങ്ങളില്‍ ഒരു വീണ്ടെടുക്കല്‍ നടത്തിയതായി കാണാം. 2019 ലും 2020 ലും പ്രഖ്യാപനങ്ങള്‍ കുറഞ്ഞതിനാല്‍ ഇത് പ്രോത്സാഹജനകമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.'2021 ല്‍ സാക്ഷ്യം വഹിച്ച പുനരുജ്ജീവനം 2022 ലും 2023 ലും തുടര്‍ന്നു, എന്നിരുന്നാലും ലെവല്‍ 2016 ലും 2017 ലും ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ്.'
മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.79 ലക്ഷം കോടി രൂപയായിരുന്നത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.96 ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതായി ബിഒബി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 2018-19ലെ ആദ്യ പാദത്തിലെ അതേ നിലവാരത്തിലേക്ക് സ്വകാര്യ നിക്ഷേപത്തെ എത്തിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തിലെ 5.96 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപ പ്രഖ്യാപനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഗതാഗത മേഖലയില്‍ ഉയര്‍ന്ന തലത്തിലുള്ള കേന്ദ്രീകരണം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍, ഈ നിക്ഷേപ പ്രഖ്യാപനങ്ങള്‍ക്ക് സംഭാവന നല്‍കിയത് എയര്‍ലൈന്‍ വ്യവസായമാണ്. ആദ്യ പാദത്തിലെ പുതിയ പദ്ധതി പ്രഖ്യാപനങ്ങളില്‍ 74 ശതമാനവും ഗതാഗത വ്യവസായത്തിലാണ്. തുടര്‍ന്ന് വൈദ്യുതി മേഖലയുടെ വിഹിതം 10 ശതമാനവും കെമിക്കല്‍സ് മേഖല എട്ട് ശതമാനവും മെഷിനറി മേഖല (മൂന്ന് ശതമാനം), വാഹന മേഖല (രണ്ട് ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍.
''അതിനാല്‍, പ്രഖ്യാപനങ്ങള്‍ തീര്‍ച്ചയായും വിശാലാടിസ്ഥാനത്തിലുള്ളവയല്ല, അവ ഒരുപിടി മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,'' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 20 മുതല്‍ 30 ശതമാനം വരെ വിഹിതവുമായി എയര്‍ലൈന്‍ വ്യവസായം ലാന്‍ഡ്സ്‌കേപ്പില്‍ വളരെക്കാലം ആധിപത്യം പുലര്‍ത്തി എന്നതാണ് ഈ പ്രഖ്യാപനങ്ങളുടെ മറ്റൊരു പ്രധാന ഭാഗം,'റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
എയര്‍ലൈന്‍ വ്യവസായത്തിലെ നിക്ഷേപങ്ങള്‍ അതുല്യമായിരുന്നു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചേര്‍ന്ന് നല്‍കിയ ഓര്‍ഡറുകള്‍ ലോക വ്യോമയാന ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍ ഇതിന്റെ ഗുണം വിദേശ കമ്പനികള്‍ക്കായി എന്നത് പോരായ്മയാണ്. ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ ആസ്തികളിലേക്ക് ചേര്‍ക്കുമ്പോള്‍ മറ്റ് വ്യവസായങ്ങള്‍ക്ക് അത്തരം വാങ്ങലുകളില്‍ നിന്ന് കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍ നിക്ഷേപം ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം ഏതെങ്കിലും മേഖലകളില്‍ മാത്രം കേന്ദ്രീകരിക്കാതെ പല മേഖലകളില്‍ ഉള്ള നിക്ഷേപമാണ് സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുക.