image

1 April 2025 5:00 PM IST

Economy

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം അതുല്യമെന്ന് രാഷ്ട്രപതി

MyFin Desk

president says the work of the reserve bank is unique
X

Summary

  • ആര്‍ബിഐ 91-ാം വര്‍ഷത്തിലേക്ക്
  • ആര്‍ബിഐ പ്രവര്‍ത്തനം ആരംഭിച്ചത് 1935 ഏപ്രില്‍ ഒന്നിന്


'ബാങ്കേഴ്‌സ് ബാങ്ക്' ആയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 91ാം വര്‍ഷത്തിലേക്ക്. ഒമ്പത് പതിറ്റാണ്ട് നീണ്ട റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം അതുല്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സ്ഥാപിതമായ ആര്‍ബിഐ 1935 ഏപ്രില്‍ 1 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1949-ല്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു മെച്ചപ്പെട്ട സാമ്പത്തിക മാനേജ്‌മെന്റ് കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ആര്‍ബിഐയുടെ രൂപീകരണം. അവിടെ നിന്ന്, ഇന്നത് വികസ്വര രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ക്കിടയില്‍ സമാനതകളില്ലാത്ത വിശ്വാസ്യതയുടെ പ്രതീകമായി വളര്‍ന്നുവെന്നും രാഷ്ട്രപതി ചൂണ്ടികാട്ടി.

കാലാകാലങ്ങളിലെ വായ്പാ പണനയം നിശ്ചയിക്കല്‍, ധനകാര്യമേഖലയുടെ മേല്‍നോട്ടം, വിദേശ വിനിമയ മാനേജുമെന്റ്, കറന്‍സി വിതരണം തുടങ്ങിയവയിലൂടെ രാജ്യത്തെ നയിച്ചു. 1991 ലെ ഉദാരവത്കരണം വരെയുള്ള കാലഘട്ടത്തില്‍ ആര്‍ബിഐയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം പണപ്പെരുപ്പം നിയന്ത്രിക്കുക, കൃഷിക്കും വ്യവസായത്തിനും ആവശ്യമായ മൂലധനം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു.

ഉദാരവത്കരണത്തിന് തൊട്ടുമുമ്പ് ആര്‍ബിഐക്ക് മല്ലിടേണ്ടി വന്നത് നിരന്തരം വര്‍ധിച്ച് കൊണ്ടിരിക്കുന്ന ധനക്കമ്മിയോടായിരുന്നു. 1984-85 ലെ ജിഡിപിയുടെ 8.8 ശതമാനമായിരുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത ധനക്കമ്മി 1990-91ല്‍ ജിഡിപിയുടെ 9.4 ശതമാനമായി ഉയര്‍ന്നത് ഈ വെല്ലുവിളി അടിവരയിടുന്നതാണ്.

സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷം പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിലും നിക്ഷേപകരുടെ സംരക്ഷണത്തിനുമുള്ള ആര്‍ബിഐയുടെ ദൗത്യം നിര്‍ണായകമായിരുന്നു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും റിസര്‍വ് ബാങ്ക് ഫലപ്രദമായി നേരിടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.