image

12 May 2023 8:10 AM GMT

Economy

മികച്ച ജിഡിപി, ഉയര്‍ന്ന ദാരിദ്ര്യം; കര്‍ണാടകയില്‍ വളര്‍ച്ചയുടെ അസമത്വം

MyFin Desk

മികച്ച ജിഡിപി, ഉയര്‍ന്ന ദാരിദ്ര്യം;  കര്‍ണാടകയില്‍ വളര്‍ച്ചയുടെ അസമത്വം
X

Summary

  • പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് സാമ്പത്തിക വെല്ലുവിളികള്‍
  • സംസ്ഥാനത്തിന്റെ ജിഡിപിയുടെ 36 ശതമാനം വരുന്നത് ഒരു ജില്ലയില്‍ നിന്ന്
  • തൊഴിലില്ലായ്മ നിരക്ക് കുറവ്


പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. എങ്കിലും വളര്‍ച്ചയിലെ അസമത്വങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് കണക്കുകളോടെ പുറത്തെത്തി. സംസ്ഥാനത്തെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ദരിദ്രര്‍ക്കായി എറെ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചത് ഇത് സാധൂകരിക്കുന്നു.ഇക്കാരണത്താല്‍ ഉയര്‍ന്ന സാമ്പത്തിക ബാധ്യത വരുത്തിവെക്കാവുന്ന പ്രഖ്യാപനങ്ങള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്.

ഒരേസമയം ഐടി രംഗവുമായി ബന്ധപ്പെട്ട സാമ്പത്തികരംഗത്ത് വന്‍ കുതിപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 36 ശതമാനം വരുന്നത് ഒരു ജില്ലയില്‍ നിന്നുമാത്രമാണ് - ബെംഗളൂരു അര്‍ബന്‍.

റിസര്‍വ് ബാങ്ക് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2020-21ല്‍ കര്‍ണാടകയുടെ പ്രതിശീര്‍ഷ വരുമാനം 2.364 ലക്ഷം രൂപയായിരുന്നു.ഡെല്‍ഹിയെ ഒഴിവാക്കിയാല്‍ ഒരുകോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കര്‍ണാടക സാമ്പത്തിക സര്‍വേ 2022-23 കാണിക്കുന്നത്, 2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 36 ശതമാനത്തിലധികം ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നിന്നാണ് എന്നാണ്.

ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 96 ലക്ഷം ആളുകള്‍ വസിക്കുന്ന പ്രദേശമാണിത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആറിലൊന്ന് മാത്രമാണ്.ഒരു സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം അതിന്റെ ജനസംഖ്യയിലുടനീളമുള്ള സാമ്പത്തിക സാഹചര്യങ്ങളെയും വരുമാന വിതരണത്തെയും പ്രതിഫലിപ്പിക്കില്ല എന്നതിന് കര്‍ണാടക ഉദാഹരണമാണ്.

ഇക്കാരണത്താലാണ് സംസ്ഥാനത്ത് മികച്ച അഭിവൃദ്ധി ദൃശ്യമായിരുന്നിട്ടും ദാരിദ്ര്യത്തിന്റെയും വരുമാന അസമത്വത്തിന്റയും പ്രദേശങ്ങള്‍ ഇപ്പോഴുമുള്ളത്.

2011-2012ല്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കര്‍ണാടക ഏഴാം സ്ഥാനത്തായിരുന്നു. ഈ വസ്തുത കണക്കിലെടുക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തിലെ ഉയര്‍ച്ച ശ്രദ്ധേയമാണ്. 2013-14ല്‍ കര്‍ണാടകം തമിഴ്‌നാടിനെ പിന്തള്ളി. 2015-16ല്‍ ഉത്തരാഖണ്ഡിനെയും മഹാരാഷ്ട്രയെയും മറികടന്ന് നാലാമതെത്തി.

ശ്രദ്ധേയമായ മറ്റൊരു കാര്യം 2016-17 ആയപ്പോള്‍ കര്‍ണാടകയുടെ ആളോഹരി വരുമാനം കേരളത്തെയും മറികടന്നു എന്നതാണ്. അങ്ങനെ അവര്‍ മൂന്നാം സ്ഥാനത്തെത്തി. പക്ഷേ വികസനം ചില പോക്കറ്റുകളിലേക്ക് ഒതുങ്ങിയത് ജനങ്ങളില്‍ വരുമാന അസന്തുലിതാവസ്ഥ ഉണ്ടാകുന്നതിന് കാരണമായി.

ഇന്ത്യയുടെ സിലിക്കണ്‍വാലിയാണ് ബെംഗളൂരു അര്‍ബന്‍. സംസ്ഥാനത്തെ മികച്ച നിലയിലേക്ക് ഉയര്‍ത്തിയതില്‍ ഈ ജില്ലയ്ക്ക് പ്രധാന പങ്കുണ്ട്. ലളിതമായി പറഞ്ഞാല്‍, ഈ ജില്ലയുടെ അഭാവത്തില്‍, കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥ 36 ശതമാനം ചുരുങ്ങും.

ഇനി സംസ്ഥാനത്തെ ബാക്കി ൨൯ ജില്ലകളുടെ കാര്യമെടുക്കാം. അതില്‍ ഒരു ജില്ലയ്ക്കുപോലും മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഎസ്ഡിപി) 10 ശതമാനം പോലും വ്യക്തിഗതമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ (മുംബൈ സബര്‍ബന്‍ ഉള്‍പ്പെടെ) ജിഎസ്ഡിപിയില്‍ 19 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. ഇവിടെ സാമ്പത്തികനേട്ടം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഉല്‍പ്പാദന മേഖലയിലെ വൈവിധ്യം കര്‍ണാടകയില്‍ ദൃശ്യമല്ല.

കര്‍ണാടകയില്‍ ഭൂരിഭാഗം ജില്ലകളിലെ ജനങ്ങളും കൃഷിയെ അമിതമായി ആശ്രയിക്കുന്നവരാണ്. ബെംഗളുരു ഒഴികെ എല്ലാ ജില്ലകളിലും കാര്‍ഷിക മേഖല കുറഞ്ഞത് 10 ശതമാനമാണ് നല്‍കുന്നത്.

സംസ്ഥാനത്തെ അതിദരിദ്ര ജില്ലകളില്‍ ഒന്നായ യാദ്ഗീറില്‍ ജിഡിപിയുടെ 50 ശതമാനത്തോളം സംഭാവന ചെയ്യുന്നത് കൃഷിയാണ്. അതിനാല്‍ കൃഷിയില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ സംസ്ഥാനത്തെ ബംഗളൂരു അര്‍ബന്‍ ഒഴികെയുള്ള എല്ലാ ജില്ലകളെയും അത് സാരമായി ബാധിക്കും.

സംസ്ഥാനത്ത് പ്രകടമായ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് അത്. എന്നാല്‍ ദാരിദ്ര്യം ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

2011-12 വര്‍ഷത്തില്‍ അവസാനമായി പുറത്തിറക്കിയ ഇന്ത്യയുടെ ഔദ്യോഗിക ദാരിദ്ര്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്, കര്‍ണാടകയിലെ അഞ്ചില്‍ ഒരാള്‍ (ജനസംഖ്യയുടെ ഏകദേശം 20 ശതമാനം) ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നാണ്.

കൂടാതെ, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 10 സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ദാരിദ്ര്യ നിരക്ക് കണക്കിലെടുക്കുമ്പോള്‍ കര്‍ണാടക എട്ടാം സ്ഥാനത്താണ്.

ഇക്കാരണങ്ങള്‍ പരിശോധിക്കപ്പെടുമ്പോള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വരുമാനം എത്തിക്കുക എന്നത് അനിവാര്യമായ ഘടകമായി മാറുന്നു. അധികാരത്തിലേറുന്ന സര്‍ക്കാരിന് ഒരു പ്രതിസന്ധി തീര്‍ക്കുന്ന ഘടകം തന്നെയാണിത്. അതുകൊണ്ടുതന്നെയാണ് വിവിധ സൗജന്യങ്ങള്‍ വാഗ്ദാനങ്ങളുമായി അവര്‍ ജനങ്ങളുടെ മുമ്പിലേക്ക് എത്തുന്നത്.