image

15 Nov 2024 1:55 PM GMT

Economy

ആര്‍ബിഐ പലിശനിരക്ക് കുറക്കണമെന്ന് ഗോയല്‍

MyFin Desk

ആര്‍ബിഐ പലിശനിരക്ക് കുറക്കണമെന്ന് ഗോയല്‍
X

Summary

  • പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായക ഘടകമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
  • ചില്ലറ വില പണപ്പെരുപ്പം 4% ആയി കുറയുന്നത് വരെ കാത്തിരിക്കണമെന്നും ശക്തികാന്ത ദാസ്
  • ഉപഭോക്തൃ വില സൂചിക ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്


റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

മുംബൈയില്‍ നടന്ന ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പണപ്പെരുപ്പ പ്രവണതകളെക്കുറിച്ച് സംസാരിച്ച ഗോയല്‍, ഡിസംബറോടെ വില കുറയുമെന്ന് ഉറപ്പുനല്‍കി. സ്വാതന്ത്ര്യത്തിന് ശേഷം മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം ആണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചില്ലറ വില പണപ്പെരുപ്പം 4% ആയി കുറയുന്നത് വരെ കാത്തിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കുന്ന പരോക്ഷ സൂചന. ഉപഭോക്തൃ വില സൂചിക ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പണപ്പെരുപ്പം ഒക്ടോബറില്‍ 6.21% ആയാണ് ഉയര്‍ന്നത്. ഭക്ഷ്യവിലപ്പെരുപ്പത്തിന് പണപ്പെരുപ്പം നിയന്ത്രിക്കുന്നതുമായി ബന്ധമില്ലെന്നും ഗോയല്‍ പറഞ്ഞു.

അതേസമയം അനവസരത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും അപകടകരമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡ് സമയത്ത്, റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുകയും ധാരാളം പണലഭ്യത ഉറപ്പാക്കുകയും ചെയ്തെന്നും പിന്നീട് പണപ്പെരുപ്പത്തിലേക്ക് ശ്രദ്ധ മാറ്റിയെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.