20 March 2024 7:45 AM GMT
Summary
- ലോൺ പ്രൈം നിരക്കിൽ മാറ്റം വരുത്താതെ ചൈനയുടെ സെൻട്രൽ ബാങ്ക്
- പ്രൈം ലോൺ റേറ്റ് പ്രതിമാസാടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്
- 2024ൽ ചൈനീസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കില്ല എന്ന് വിദഗ്ധർ
ലോൺ പ്രൈം നിരക്കിൽ മാറ്റം വരുത്താതെ ചൈനയുടെ സെൻട്രൽ ബാങ്ക്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ടൈം കർവിലുടനീളം ലോൺ പ്രൈം റേറ്റ് (എൽപിആർ) മാറ്റമില്ലാതെ നിലനിർത്തിയതായി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ബുധനാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് സെൻട്രൽ ബാങ്ക് ഒരു വർഷത്തെയും അഞ്ച് വർഷത്തെയും നിരക്കുകൾ യഥാക്രമം 3.45 ശതമാനം, 3.95 ശതമാനം എന്നിങ്ങനെ നിലനിർത്തി. നിക്ഷേപകരും അനലിസ്റ്റുമാരും തതഃസ്ഥിതി തുടരുമെന്ന പ്രതീക്ഷ തന്നെയാണ് പങ്ക് വെച്ചിരുന്നത്. ഫെബ്രുവരിയിൽ ആയിരുന്നു ഇതിനു മുൻപ് 5 വർഷത്തെ ലോൺ പ്രൈം നിരക്ക് 4 ശതമാനത്തിൽ നിന്നും 25 ബേസിസ് പോയിന്റ്സ് കുറച്ച് 3.95 ശതമാനം ആക്കിയത്. ഇത് പ്രതീക്ഷിച്ചതിലും കൂടുതലുള്ള കുറവ് ആയിരുന്നു. രണ്ട് നിരക്കുകളും റെക്കോർഡ് താഴ്ന്ന നിലയിൽ തന്നെ തുടരാനാണ് നിലവിൽ ചൈനീസ് സെൻട്രൽ ബാങ്ക് തീരുമാനിച്ചത്. സമ്മർദ്ദത്തിൽ ആയ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ സഹായിക്കുന്നതിനാണ് ധനനയം കടുപ്പിക്കാത്തതെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (PBoC) ധനനയ കമ്മിറ്റി യോഗം ത്രൈമാസ അടിസ്ഥാനത്തിൽ ഷെഡ്യൂൾ ചെയ്താണ് യോഗം ചേർന്ന് വരുന്നത്. എന്നാൽ ബാങ്ക് വായ്പയുടെ പലിശ നിരക്കിന് അടിസ്ഥാനമായ ചൈനയുടെ ബെഞ്ച്മാർക്ക് പലിശ നിരക്കായ - ലോൺ പ്രൈം റേറ്റ് പ്രതിമാസാടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്. പണപ്പെരുപ്പം വർധിക്കുമ്പോൾ ഈ നിരക്ക് കൂട്ടുകയും, പണപ്പെരുപ്പം കുറയുമ്പോൾ ഈ നിരക്ക് കുറയ്ക്കുകയുമാണ് ചെയ്യുന്നത്.
ഈ ആഴ്ചയിൽ പുറത്തു വന്ന ഡാറ്റ വിലയിരുത്തിയാൽ, 2024 ൽ ചൈനയുടെ വ്യാവസായിക-നിക്ഷേപ മേഖലകളിൽ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി കാണാം. ക്രെഡിറ്റ് വിപുലീകരണത്തിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പുതിയ ഡാറ്റ ഭാഗികമായി മറികടക്കുന്നു. ഉത്തേജന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നിയിട്ടു കൂടി വായ്പകൾ ഫെബ്രുവരിയിൽ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർച്ച രേഖപ്പെടുത്തിയത്. ഇത് ഡിമാൻഡിലെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ചൈനീസ് സർക്കാർ അനുമാനിക്കുന്ന 5 ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷ തന്നെയാണ് അനലിസ്റ്റുമാരും പങ്ക് വയ്ക്കുന്നത്. അതിനോടൊപ്പം തന്നെ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ റീടെയിൽ വിൽപ്പനയിലെ കുറവ് , അപ്രതീക്ഷിത വളർച്ച നേടിയ തൊഴിലില്ലായ്മ നിരക്ക്, ദുർബലമായ റിയൽ എസ്റ്റേറ്റ് മേഖല എന്നിവ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ വേഗത കുറയ്ക്കുന്നുവെന്ന് കൂടി അവർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ധനനയ കമ്മിറ്റി യോഗത്തിലും സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ പണത്തിന്റെ അമിത ഒഴുക്ക് തടയാൻ Medium-term Lending Facility വഴി നിയന്ത്രണ നടപടികളും ബാങ്ക് സ്വീകരിച്ചിരുന്നു. 2022 നവംബറിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി ബാങ്ക് സ്വീകരിക്കുന്നത്. പലിശ നിരക്ക് കുറക്കുന്ന സമയവുമായി ബന്ധപ്പെട്ട് വിഭിന്ന അഭിപ്രായം നിലനിൽക്കുന്നുണ്ടെങ്കിലും ഈ വർഷം ചൈനീസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കില്ല എന്നാണ് ഭൂരിഭാഗം അനലിസ്റ്റുമാരും വിശ്വസിക്കുന്നത്. പ്രതീക്ഷകൾക്ക് അനുസൃതമായ ബാങ്കിന്റെ നടപടികളോട് അനുകൂലമായി തന്നെയാണ് ചൈനീസ് വിപണികളും പ്രതികരിച്ചത്.