image

17 Jun 2023 10:13 AM GMT

Economy

നിറയുന്ന വായ്പകള്‍; ചൈനയില്‍നിന്ന് പാക്കിസ്ഥാന് വീണ്ടും ബില്യണ്‍ ഡോളര്‍

MyFin Desk

നിറയുന്ന വായ്പകള്‍; ചൈനയില്‍നിന്ന്  പാക്കിസ്ഥാന് വീണ്ടും ബില്യണ്‍ ഡോളര്‍
X

Summary

  • ലഭിച്ച തുക സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല
  • പാക്കിസ്ഥാനിലേത് ചൈനയെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന സമ്പദ് വ്യവസ്ഥ
  • ഇസ്ലാമബാദ് ഇന്ന് നേരിടുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകര്‍ച്ച


സാമ്പത്തിക തകര്‍ച്ച നേരിടുന്ന പാക്കിസ്ഥാന്‍ അടുത്ത സഖ്യകക്ഷിയായ ചൈനയില്‍ നിന്നും ഒരു ബില്യണ്‍ ഡോളര്‍ സ്വീകരിച്ചു. അന്താരാഷ്ട്ര നാണയ നിധിയിലെ വായ്പ തടസപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്വം മറികടക്കാന്‍ ഈ തുക പാക്കിസ്ഥാനെ സഹായിക്കും.

വെള്ളിയാഴ്ച രാത്രി സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ (എസ്ബിപി) ചൈനയില്‍ നിന്ന് തുക കൈപ്പറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തുക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈതുക വിദേശ നാണ്യ കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ക്കുമെന്നാണ് ലഭ്യമായ വിവരം.

ചൈനക്ക് നല്‍കാനുണ്ടായിരുന്ന കുടിശികയില്‍ ഒരു ബില്യണ്‍ ഡോളര്‍ കഴിഞ്ഞ തിങ്കളാഴ്ച ഇസ്ലാമബാദ് തിരികെ നല്‍കിയിരുന്നു. ഈ തുക തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. 2019ല്‍ സമ്മതിച്ച 6.5 ബില്യണ്‍ ഡോളറിന്റെ ബെയ്ലൗട്ട് പാക്കേജില്‍ ബാക്കിയുള്ള 2.5 ബില്യണ്‍ യുഎസ് ഡോളര്‍ ഐഎംഎഫില്‍ നിന്ന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ തുക ഇതുവരെ ഇസ്ലാമബാദിന് കൈമാറിയിട്ടില്ല.

ഇതുസംബന്ധിച്ചുള്ള പദ്ധതി ജൂണ്‍ 30ന് അവസാനിക്കുകയാണ്. അതിനാല്‍ തുക അനുവദിച്ചാലും മുഴുവന്‍ തുകയും ഇസ്ലാമബാദിന് ലഭിക്കാനിടയില്ല. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫണ്ട് തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായി 1.1 ബില്യണ്‍ ഡോളറിന്റെ ഒരു ഗഡു നല്‍കാനാണ് ശ്രമിക്കുന്നത്.

ഐഎംഎഫിന്റെ പിന്തുണയില്ലാതെ രാജ്യത്തിന് ബഹുമുഖ വായ്പകളോ ഉഭയകക്ഷി സഹായമോ പോലും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈന മാത്രമാണ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ളത്. സൗദി അറേബ്യയും യുഎഇയും തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രം പിന്തുണ നല്‍കി.

ഐഎംഎഫിന്റെ ലോണ്‍ പാക്കേജിനുപിന്നില്‍ ആഗോള താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് ഡാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും അവരുടെ നിയന്ത്രണത്തില്‍ ആകണമെന്ന് ഐഎംഎഫ് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎംഎഫ് പിന്തുണയുടെ അഭാവത്തില്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള വഴികള്‍ പാക്കിസ്ഥാന്‍ ഇന്ന് അന്വേഷിക്കുന്നു. ജൂലൈ ഒന്നു മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളുമായി ഏകദേശം 9 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്. ഈ അവസരത്തില്‍ 300 മില്യണ്‍ യുഎസ് ഡോളറിന്റെ വായ്പ റീഫിനാന്‍സ് ചെയ്യാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്.