13 July 2023 7:13 AM GMT
Summary
- കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഐഎംഎഫ് സഹായം താല്‍ക്കാലിക ആശ്വാസമാകും
- യുഎഇയും സൗദിയും ധനസഹായം നേരത്തരെ പ്രഖ്യാപിച്ചിരുന്നു
- സഹായം സാമ്പത്തിക ക്രമീകരണങ്ങള്‍ സുഗമമാക്കാന്‍
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി പാക്കിസ്ഥാന് ആശ്വാസമായി ഐഎംഎഫ് സഹായം. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്ലാമബാദ് ഏറെ കാത്തിരുന്ന മൂന്ന് ബില്യണ്‍ ഡോളറിന്റെ രക്ഷാപദ്ധതിക്കാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അന്തിമ അനുമതി നല്‍കിയത്.
'സ്റ്റാന്‍ഡ് ബൈ ക്രമീകരണം' സംബന്ധിച്ച് ഇരുപക്ഷവും സ്റ്റാഫ് തലത്തിലുള്ള ധാരണയിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി. 'ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോര്‍ഡ് പാക്കിസ്ഥാനുവേണ്ടി ഒന്‍പത് മാസത്തെ സ്റ്റാന്‍ഡ്-ബൈ അറേഞ്ച്‌മെന്റ് (എസ്ബിഎ) അംഗീകരിച്ചു.
'പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ സാമ്പത്തി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ ക്രമീകരണം.
വിനാശകരമായ വെള്ളപ്പൊക്കം, നയപരമായ പിഴവുകള്‍ തുടങ്ങിയവ 2023 സാമ്പത്തിക വര്‍ഷത്തില്‍ പപ്പെരുപ്പം വര്‍ധിക്കുന്നതിന് കാരണമായതായി ഐഎംഎഫ് പ്രസ്താവനയില്‍ പറഞ്ഞു. 1.2 ബില്യണ്‍ യുഎസ് ഡോളര്‍ ഉടനടി വിതരണം ചെയ്യാന്‍ അനുമതി അനുവദിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.'ബാക്കി തുക രണ്ട് ത്രൈമാസ അവലോകനങ്ങള്‍ക്ക് വിധേയമായി പ്രോഗ്രാമിന്റെ കാലയളവില്‍ ഘട്ടം ഘട്ടമായി നല്‍കും,' അത് കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്റെ ആവശ്യമായ സാമ്പത്തിക ക്രമീകരണം സുഗമമാക്കുന്നതിന് ഈ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐഎംഎഫ് പറയുന്നു.
ഫണ്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് പാക്കിസ്ഥാന് രണ്ട് ബില്യണ്‍ ഡോളറും യുഎഇയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളറും ലഭിച്ചതിനുശേഷമാണ് എഎംഎഫിന്റെ നടപടി.
തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ ലഭിക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടുകയാണ്. പുതിയ വായ്പ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുമെന്നും സ്ഥാപനങ്ങളുമായും രാജ്യങ്ങളുമായും ബഹുമുഖ വായ്പാ കരാറുകള്‍ക്കുള്ള വാതില്‍ തുറക്കുമെന്നുമാണ് കരുതപ്പെടുന്നത്.
ഐഎംഎഫ് സഹായം പാക്കിസ്ഥാന്റെ സാമ്പത്തിക നിലയെ ഏറെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. അടുത്ത സര്‍ക്കാരിന് മുന്നോട്ടുള്ള വഴി ചാര്‍ട്ട് ചെയ്യാനുള്ള സാമ്പത്തിക ഇടവും ഇത് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ സമ്പദ്വ്യവസ്ഥ ഒരു ഫ്രീ ഫാള്‍ മോഡിലാണ്. അനിയന്ത്രിതമായ പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ജനങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത സമ്മര്‍ദ്ദമാണ് കൊണ്ടുവരുന്നത്. ഇത് ഭൂരിപക്ഷം ആളുകള്‍ക്ക് നിത്യച്ചെലവ് മിക്കവാറും അസാധ്യമാക്കുന്നു.