image

24 March 2025 2:27 PM IST

Economy

ഒഡീഷയില്‍ വന്‍ സ്വര്‍ണശേഖരം; സംസ്ഥാനത്തിനിത് ലോട്ടറി!

MyFin Desk

ഒഡീഷയില്‍ വന്‍ സ്വര്‍ണശേഖരം;  സംസ്ഥാനത്തിനിത് ലോട്ടറി!
X

Summary

  • സംസ്ഥാനത്ത് ഒന്നിലധികം ജില്ലകളില്‍ സ്വര്‍ണശേഖരം കണ്ടെത്തി
  • സാധ്യതയുള്ള മറ്റ് ജില്ലകളിലും പര്യവേഷണം തുടരുന്നു


ഒഡീഷയിലെ ഒന്നിലധികം ജില്ലകളിലായി വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഖനി മന്ത്രി ബിഭൂതി ജെനയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. സുന്ദര്‍ഗഡ്, നബരംഗ്പൂര്‍, കിയോഞ്ജര്‍, ദിയോഗഡ് എന്നിവിടങ്ങളില്‍ മഞ്ഞലോഹം കണ്ടെത്താനുള്ള പര്യവേഷണം പുരോഗമിക്കുകയാണ്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) ചെമ്പിനായി ജി-2 ലെവല്‍ പര്യവേക്ഷണം നടത്തുന്നതിനിടെ, ദിയോഗഡ് ജില്ലയിലെ അദാസ-രാമ്പള്ളിയില്‍ മുമ്പ് സ്വര്‍ണ ശേഖരം തിരിച്ചറിഞ്ഞിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തിന് ഇപ്പോള്‍ നടത്തിയ കണ്ടെത്തല്‍ ഒരു അനുഗ്രഹമായി മാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്വര്‍ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനായി വിവിധ ജില്ലകളില്‍ പര്യവേഷണം പുരോഗമിക്കുകയാണ്.

കൂടാതെ, പ്രാഥമിക സര്‍വേകള്‍ പ്രകാരം, മാല്‍ക്കാന്‍ഗിരി, സാംബല്‍പൂര്‍, ബൗധ് ജില്ലകള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്വര്‍ണം ഉണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കൂടാതെ മയൂര്‍ഭഞ്ജ്, ജാഷിപൂര്‍, സുരിയഗുഡ, റുവാന്‍സി, ഇദെല്‍കുച്ച, മറേദിഹി, സുലൈപത്ത്, ബദാംപഹാദ് എന്നീ മേഖലകളിലും അധികൃതര്‍ പര്യവേക്ഷണം നടത്തും.

ഈ കണ്ടെത്തലുകളെ സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിനുപുറമേ ദിയോഗഢിലെ ആദ്യത്തെ സ്വര്‍ണ ഖനന ബ്ലോക്ക് ലേലം ചെയ്യാനും ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാണിജ്യവല്‍ക്കരണത്തിലേക്കുള്ള അടുത്ത ഘട്ടങ്ങങ്ങളിലേക്ക് കടക്കും മുമ്പ് സാങ്കേതിക സമിതികള്‍ അന്തിമ പര്യവേക്ഷണ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യും. പര്യവേക്ഷണത്തിന്റെ ഫലങ്ങള്‍ ഈ വര്‍ഷം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞിടെയാണ് ചൈനയിലും പാക്കിസ്ഥാനിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടുപിടിച്ചത്. അതിനു തൊട്ടു പിറകേയാണ് ഇപ്പോള്‍ ഒഡീഷയില്‍ ഗോള്‍ഡന്‍ വാര്‍ത്ത പുറത്തുവരുന്നത്.