18 Dec 2023 5:53 AM GMT
Summary
- സജീവ നികുതിദായകരുടെ എണ്ണം 1.40 കോടിയായി ഉയർന്നു
- നിലവില്‍ ജിഎസ്‍ടിആര്‍-3ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് 90%
- 2023-24 ലെ ശരാശരി പ്രതിമാസ സമാഹരണം 1.66 ലക്ഷം കോടി രൂപ
2023 ഏപ്രിൽ വരെയുള്ള അഞ്ച് വർഷ കാലയളവില്‍ ജിഎസ്‍ടി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത് 65 ശതമാനം വര്‍ധന. ഈ വര്‍ഷം ഏപ്രിലിലെ കണക്ക് പ്രകാരം റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 1.13 കോടിയാണ്. കൂടാതെ, ജിഎസ്‍ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സജീവ നികുതിദായകരുടെ എണ്ണം 2018 ഏപ്രിൽ മുതലുള്ള 5 വര്‍ഷത്തിനിടെ 1.06 കോടിയിൽ നിന്ന് 1.40 കോടിയായി ഉയർന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, അര്‍ഹരായ നികുതിദായകരിൽ 90 ശതമാനം പേരും ഫയലിംഗ് മാസത്തിന്‍റെ അവസാനത്തില്‍ ജിഎസ്‍ടിആര്‍-3ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നു. ജിഎസ്‍ടി-യുടെ ആദ്യ വർഷമായ 2017-18 ല്‍ ഇത് 68 ശതമാനം മാത്രമായിരുന്നു. “ജിഎസ്ടിയിലെ നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചതിന്‍റെ ഫലമായി റിട്ടേൺ ഫയലിംഗ് ശതമാനം വർധിച്ചു,” ധന മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ജിഎസ്‍ടിആര്‍-3ബി ഫയൽ ചെയ്യുന്നവരുടെ എണ്ണം 2018 ഏപ്രിലിലെ 72.49 ലക്ഷത്തിൽ നിന്ന് 2023 ഏപ്രിലില്‍ 1.13 കോടിയായി ഉയർന്നു. വിതരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഫയൽ ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനുമുള്ള പ്രതിമാസ റിട്ടേൺ ഫോമാണ് ജിഎസ്‍ടിആര്‍-3ബി.
നവംബറിൽ ജിഎസ്‍ടി നികുതി സമാഹരണം 1.68 ലക്ഷം കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷം ഇത് ആറാം തവണയാണ് മൊത്തം ജിഎസ്‍ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ മറികടക്കുന്നത്.
ചരക്ക് സേവന നികുതി പിരിവ് 2017 ജൂലൈ 1 ന് ആരംഭിച്ചതിന് ശേഷം തുടര്‍ച്ചയായി വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന പ്രകടമാക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള കണക്കു പ്രകാരം, ശരാശരി പ്രതിമാസ സമാഹരണം 1.66 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ ലോകസഭയില്‍ അറിയിച്ചിരുന്നു. ഏപ്രിലിൽ 1.87 ലക്ഷം കോടിയുടെ റെക്കോർഡ് ജിഎസ്‍ടി കളക്ഷൻ നേടിയിരുന്നു.
2017 ജൂലൈ 1-ന് രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്‍ടി) നിലവിൽ വന്നു. എക്സൈസ് നികുതി, സേവന നികുതി, വാറ്റ് തുടങ്ങി ഒരു ഡസനിലധികം പ്രാദേശിക നികുതികൾ ഇതിൽ ഉൾപ്പെടുത്തി.