30 Jan 2025 11:03 AM GMT
Summary
- ഓഹരി പഠനത്തിന് സ്റ്റോക്ക് മാര്‍ക്കറ്റ് ലൈവ് ഡാറ്റ ഉപയോഗിക്കാന്‍ പാടില്ല
- വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം ലൈവായി ട്രേഡിങ് ടിപ്പ് നല്കുന്നതിനെത്തുടര്ന്നാണ് നീക്കം
ഫിന്ഫ്ലുവന്സര്മാരെ നിയന്ത്രിക്കാന്‍ പുതിയ ചട്ടവുമായി സെബി. ഇനി മുതല്‍ ഓഹരി പഠനത്തിന് സ്റ്റോക്ക് മാര്‍ക്കറ്റ് ലൈവ് ഡാറ്റ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം.
ഫിന് ഇന്‍ഫ്ലുവന്‍സര്‍മാരുടെ കെണിയില്‍ നിന്ന് നിക്ഷേപകരെയും അവരുടെ സമ്പാദ്യത്തെയും സംരക്ഷിക്കുകയാണ് പുതിയ ചട്ടത്തിന്റെ ലക്ഷ്യം. ട്രേഡിങ് കോഴ്സ് അധ്യാപകര്‍ ഇനി മുതല്‍ കുറഞ്ഞത് 3 മാസം മുന്‍പുള്ള ഓഹരി വിലകള്‍ മാത്രമേ പഠിപ്പിക്കാന്‍ ഉപയോഗിക്കാവു. വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം ലൈവായി ട്രേഡിങ് ടിപ്പ് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സെബിയുടെ നിയന്ത്രണം വന്നിരിക്കുന്നത്.
ഓഹരിയെ കുറിച്ച് പറയുമ്പോള്‍ വില, അതിന്റെ ഭാവി, ശുപാര്‍ശ എന്നിവയെല്ലാം 3 മാസം മുന്പുള്ളതായിരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും നഷ്ടസാധ്യത കുറയ്ക്കുന്നതിനും നിയുക്തമായിട്ടുള്ള കേന്ദ്ര സ്ഥാപനമാണ് സെബി. സെബി രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നീക്കം.
വിപണിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സെബി, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, മ്യൂച്വല്‍ ഫണ്ടുകളുടെ കൂട്ടായ്മയായ അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ തുടങ്ങിയവകളില്‍ റജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഈ നിര്‍ദേശം വന്നതോടെയാണ് വിദ്യാഭ്യാസ താല്പര്യാര്ത്ഥം എന്ന നിലയിലേക്ക് ഇന്‍ഫ്ലുവന്‍സര്‍മാര്‍ ചൂവട് മാറ്റിയത്. ഇത് തിരിച്ചറിഞ്ഞാണ് സെബി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നതും.