image

20 Dec 2024 11:34 AM GMT

Economy

ചട്ടവിരുദ്ധമായി വായ്പ നല്‍കിയാല്‍ അഴിക്കുള്ളിലാവും

MyFin Desk

ചട്ടവിരുദ്ധമായി വായ്പ നല്‍കിയാല്‍ അഴിക്കുള്ളിലാവും
X

Summary

  • ചട്ടവിരുദ്ധമായി വായ്പ നിയന്ത്രിക്കാന്‍ കേന്ദ്രം
  • കാത്തിരിക്കുന്നത് തടവും കോടി രൂപയുടെ പിഴയും
  • ജാമ്യമില്ലാ വകുപ്പ് ചുമത്തും


രാജ്യത്ത് ചട്ടവിരുദ്ധമായി വായ്പ ഇടപാട് നടത്തുന്നവരെ അഴിക്കുള്ളിലാക്കാന്‍ പുതിയ നിയമം വരുന്നു. കേന്ദ്രധനമന്ത്രാലയം കൊണ്ടുവന്ന ചട്ടവിരുദ്ധ വായ്പ ഇടപാട് തടയല്‍ അഥവ ബുല ബില്‍ പ്രകാരം 1 മുതല്‍ എഴ് വര്‍ഷം തടവും ഒരു കോടി രൂപയുടെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

നേരിട്ടോ ഡിജിറ്റല്‍ ഇടപാട് വഴിയോ അനധികൃതമായി വായ്പ ഇടപാട് നടത്തുന്നവരെ നിയന്ത്രിക്കാനാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചട്ടവിരുദ്ധമായി വായ്പ നല്‍കിയാല്‍ കിട്ടുന്നതിന്റെ ഇരട്ടി ശിക്ഷയാണ് വ്യക്തികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന വായ്പദാതാക്കള്‍ക്ക് ലഭിക്കുക.

അതായത് കൊള്ളപ്പലിശയ്ക്ക് പണം നല്‍കിയ ശേഷം ഗുണ്ടായിസം കാണിക്കുന്ന ബ്ലേഡുകാര്‍ക്കും ഡിജിറ്റല്‍ വായ്പ തട്ടിപ്പ് നടത്തുന്നവര്‍ക്കും 10 വര്‍ഷം വരെ തടവും പിഴയായി 2 കോടിയിലധികം രൂപയുമാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്.

റിസര്‍വ് ബാങ്ക് ചട്ടങ്ങളേപ്പോലും കാറ്റില്‍പ്പറത്തിയുള്ള പണമിടപാടുകളും കൊള്ളപ്പലിശ വാങ്ങലും വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. നിയമാനുസൃതമായ വായ്പ ലഭ്യമാക്കുന്ന കമ്പനികളുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് അതോറിറ്റി വേണമെന്നും ബില്‍ പറയുന്നു. ഇത് വായ്പാ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി ട്രാക്ക് ചെയ്യുന്നതിന് സഹായിക്കും. ഒപ്പം

അനധികൃത വായ്പക്കാരുടെ ചൂഷണത്തില്‍ നിന്ന് കടം വാങ്ങുന്നവരെ സംരക്ഷിക്കുകയും ചെയ്യും.

നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കണം. വായ്പാദാതാവിന്റെ ഇടപാടിന്റെ സ്വാധീനം രാജ്യവ്യാപകമോ ഒന്നിലധികം സംസ്ഥാനങ്ങളിലെ ജനതയെ ബാധിക്കുന്നതോ ആണെങ്കില്‍ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നു.

നിയമപരമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് അനധികൃത പണമിടപാട് നടത്തുന്നവര്‍ സൃഷ്ടിക്കുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസമാകും ഈ നടപടി സൃഷ്ടിക്കുക. ഡിജിറ്റല്‍, ഓണ്‍ലൈന്‍ മേഖലയില്‍ അനധികൃത വായ്പാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഗുണ്ടായിസം വര്‍ദ്ധിച്ചുവരുന്നതും ഇത് കാരണം നിരവധിപേര്‍ ആത്മഹത്യ ചെയ്യുന്നതും വളരെ ഗൗരവതരമായ കുറ്റകൃത്യമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. രണ്ടും സമൂഹത്തിനും ഒപ്പം ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപദ്രവം സൃഷ്ടിക്കുന്നവയാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.