14 Dec 2023 4:54 PM GMT
Summary
- നേരിട്ടുള്ള നികുതിപിരിവ് ബജറ്റ് എസ്റ്റിമേറ്റിന്റെ 58 ശതമാനം
- കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച 23ശതമാനം കൂടുതല്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ എട്ട് മാസത്തെ നേരിട്ടുള്ള നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റിന്റെ 58.34 ശതമാനത്തിലെത്തി 10.64 ലക്ഷം കോടി രൂപയായി. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.4 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
റീഫണ്ടുകള്‍ നല്‍കുന്നതിന് മുമ്പുള്ള മൊത്തം കളക്ഷനുകള്‍ ഏപ്രില്‍-നവംബര്‍ കാലയളവില്‍ 17.7 ശതമാനം വര്‍ധിച്ച് 12.67 ലക്ഷം കോടി രൂപയായി.നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 2.03 ലക്ഷം കോടി രൂപ റീഫണ്ടുകള്‍ നല്‍കി.
തുടക്കത്തില്‍ റീഫണ്ട് പരാജയപ്പെടുകയും പിന്നീട് സാധുതയുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്ക് നല്‍കുകയും ചെയ്ത കേസുകള്‍ക്കായി പ്രത്യേക മുന്‍കൈ എടുത്തതായി മന്ത്രാലയം അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍, പ്രത്യക്ഷ നികുതി (വ്യക്തിഗത ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി) ഇനത്തില്‍ 18.23 ലക്ഷം കോടി രൂപയും പരോക്ഷ നികുതി (ജിഎസ്ടി, കസ്റ്റംസ്, എക്‌സൈസ്) എന്നിവയില്‍ നിന്ന് 15.38 ലക്ഷം കോടി രൂപയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുക്കിയ എസ്റ്റിമേറ്റുകളില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം നികുതി പിരിവ് ലക്ഷ്യം 33.61 ലക്ഷം കോടി എന്ന ബജറ്റ് എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഈ ആഴ്ച ആദ്യം ധനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.
ഇതുവരെ, പ്രത്യക്ഷ നികുതി പിരിവ് ഏകദേശം 20 ശതമാനവും പരോക്ഷ നികുതി 5 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.