23 July 2024 6:14 AM GMT
Summary
- കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍കൂടി അവതരിപ്പിക്കും
- രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മമല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2024-25 ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട്, സംസ്ഥാനങ്ങളുമായി സഹകരിച്ച് കാര്‍ഷിക രംഗത്ത് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രം പ്രോത്സാഹിപ്പിക്കുമെന്നും ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍കൂടി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവ സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും നയപരമായ ലക്ഷ്യമാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും 4.1 കോടി യുവാക്കള്‍ക്കാണ് അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് അന്നയോജന നീട്ടി. അഞ്ച് വര്‍ഷത്തേക്കാണ് നീട്ടിയത്.ഇത് 80 കോടിയിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമെന്നും മന്ത്രി പറഞ്ഞു.
ചെമ്മീന്‍ വളര്‍ത്തലിനും വിപണനത്തിനും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കിഴക്കന്‍ മേഖലയിലെ വികസനത്തിന് വ്യവസായ ഇടനാഴിയെ പിന്തുണയ്ക്കും. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പൂര്‍വോദയ പദ്ധതി രൂപീകരിക്കും.
വായ്പ തുകയുടെ 3 ശതമാനം പലിശ ഇളവോടെ എല്ലാ വര്‍ഷവും 1 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ഇ-വൗച്ചറുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.