image

14 Oct 2023 8:29 AM GMT

Economy

നാഗപട്ടണം-കങ്കേശന്‍തുറൈ ഫെറി സര്‍വീസിന് തുടക്കം

MyFin Desk

Nagapattinam-Kangesanthurai ferry service started
X

Summary

  • നയതന്ത്ര,സാമ്പത്തിക ബന്ധങ്ങളിലെ പ്രധാന മുന്നേറ്റം
  • വിനോദസഞ്ചാരത്തിന് ഊര്‍ജ്ജമേകും
  • ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കപ്പെടും


തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നും ശ്രീലങ്കയിലെ കങ്കേശന്‍തുറൈയിലേക്കുള്ള പാസഞ്ചര്‍ ഫെറി സര്‍വീസ് ഫ്്‌ളാഗ് ഓഫ് ചെയ്തു. സര്‍വീസിന് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞു. ഈ ഫെറി സര്‍വീസ് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫെറി സര്‍വീസുകള്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുമെന്നും വ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മോദി ഊന്നിപ്പറഞ്ഞു.

''മഹാകവി സുബ്രഹ്മണ്യ ഭാരതി തന്റെ സിന്ധു നദിയിന്‍ മിസൈ എന്ന ഗാനത്തില്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. കവി പറഞ്ഞ ആ പാലത്തിന്റെ പുതിയ പതിപ്പായി ഈ ഫെറി സർവീസിനെ കണക്കാക്കാം. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ എല്ലാ ബന്ധങ്ങളെയും സജീവമാക്കുകയാണ്'-മോദി കൂട്ടിച്ചേര്‍ത്തു.

''പ്രസിഡന്റ് വിക്രമസിംഗെയുടെ സമീപകാല ഇന്ത്യാ സന്ദര്‍ശന വേളയില്‍, സാമ്പത്തിക പങ്കാളിത്തത്തിനായുള്ള ഒരു വിഷന്‍ ഡോക്യുമെന്റ് ഞങ്ങള്‍ സംയുക്തമായി അംഗീകരിച്ചു. കണക്റ്റിവിറ്റിയാണ് ഈ പങ്കാളിത്തത്തിന്റെ കേന്ദ്ര വിഷയം. ഇത് ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നു'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015ല്‍ ഡെല്‍ഹിക്കും കൊളംബോയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചത് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. 'പിന്നീട്, ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ത്ഥാടക നഗരമായ കുശിനഗറില്‍ ആദ്യത്തെ അന്താരാഷ്ട്ര വിമാനം ഇറങ്ങി. നാഗപട്ടണത്തിനും ജാഫ്‌നയിലെ കങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറിസര്‍വീസ് ഈ ദിശയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ്'.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. യുദ്ധകാലത്ത് നഷ്ടപ്പെട്ട കണക്റ്റിവിറ്റി ഇപ്പോള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും. ഈ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതില്‍ മോദിയും ഇന്ത്യന്‍ ഷിപ്പിംഗ് കോര്‍പ്പറേഷനും നന്ദി പറയുന്നതായും വിക്രമസിംഗെ പറഞ്ഞു.

ഫെറി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രാദേശിക വ്യാപാരവും വിനോദസഞ്ചാരവും വര്‍ധിപ്പിക്കുമെന്നും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും കരുതുന്നു.